ബെംഗളൂരു: കന്നഡ നടി രണ്യ റാവുവിന്റെ സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. രണ്യയോടൊപ്പം ദുബായിലേക്ക് പോയ പ്രമുഖ ബിസിനസുകാരനായ തരുണാണ് അറസ്റ്റിലായത്. രണ്യയുടെ പിതാവും കർണാടക ഡിജിപിയുമായ കെ രാമചന്ദ്ര റാവുവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
വിമാനത്താവളത്തിൽ രണ്യയ്‌ക്കൊപ്പം ചില പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് പൊലീസ് അന്വേഷിച്ചുവരികയാണ്. വിഐപി ആനുകൂല്യങ്ങൾ നടി ഉപയോഗിച്ചതായും വിവരമുണ്ട്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കും.
രണ്യ റാവുവിനെ ഏതെങ്കിലും ഉദ്യോഗസ്ഥർ സഹായിച്ചിട്ടുണ്ടോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. പിതാവ് രാമചന്ദ്ര റാവുവിന്റെ സ്വാധീനം ഉപയോഗിച്ചാണോ രണ്യ വിമാനത്താവളത്തിലെ പരിശോധനയിൽ നിന്ന് രക്ഷപ്പെട്ടത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കും.
കേസ് കഴിഞ്ഞ ദിവസമാണ് സിബിഐ ഏറ്റെടുത്തത്. ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങളിൽ പരിശോധന നടന്നുവരികയാണ്.