തിരുവനന്തപുരം: ആശമാർക്ക് കേന്ദ്രം കൊടുക്കേണ്ടതെല്ലാം കൊടുത്തുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാനസർക്കാരാണ്. അത് ഹാജരാക്കി ഇല്ലെങ്കിൽ അടുത്ത ഗഡു നൽകില്ല. ആരാണ് കള്ളം പറയുന്നതെന്ന് മാദ്ധ്യമങ്ങൾ കണ്ടുപിടിക്കണം. അത് തന്റെ ജോലിയല്ല. പാർലമെന്റിൽ ഇന്ത്യയുടെ ആരോഗ്യ മന്ത്രി നുണ പറയുമോ? അപ്പോൾ ആരാണ് കള്ളം പറയുന്നതെന്ന് നിങ്ങൾ അന്വേഷിക്കണം.
സർജിക്കൽ സ്ട്രൈക്ക് പ്രതീക്ഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.എന്റെ നേതാവ് സർജിക്കൽ സ്ട്രൈക്കിന്റെ ആളാണ് അവിടെനിന്ന് അതു പ്രതീക്ഷിക്കണമെന്ന് സുരേഷ് ഗോപി.ആശമാരുടെ സമരപ്പന്തലിൽ എത്തിയാണ് സുരേഷ് ഗോപിയുടെ പ്രഖ്യാപനം. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേരത്തെ കേന്ദ്രത്തിന് അയച്ചു കൊടുത്തിരുന്നുവെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാദം. 2025 ഫെബ്രുവരി വരെയുള്ള ഫിനാന്‍ഷ്യല്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ടുകളും ഇതിനോടകം അയച്ചു കൊടുത്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്രത്തിന് ലഭ്യമാക്കുമ്പോഴാണ് അടുത്ത ഗഡു ഫണ്ട് അനുവദിക്കുകയെന്നായിരുന്നു അവരുടെ വിശദീകരണം.















