ഇസ്ലാമാബാദ്: ട്രെയിൻ തട്ടിയെടുത്തതിന് പിന്നാലെ ബലൂച് വിമോചന പോരാളികൾ നടത്തിയ വെടിവയ്പ്പിൽ 30 പാക് സൈനികർ കൊലപ്പെട്ടു. 182 യാത്രക്കാരെയാണ് ബന്ദികളാക്കിയിരിക്കുന്നത്. ബലൂച് വിമോചന പോരാളികളിൽ 16 പേരും കൊല്ലപ്പെട്ടു. ശക്തമായ ഏറ്റുമുട്ടലുകൾക്ക് ശേഷം പാക് സൈനികർ പിന്മാറി. സൈനിക നടപടിയിലേക്ക് കടന്നാൽ യാത്രക്കാരെ കൊലപ്പെടുത്തുമെന്നായിരുന്നു ബലൂചിന്റെ ഭീഷണി.
ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസ് ട്രെയിനാണ് ബലൂച് വിമാേചന പോരാളികൾ തട്ടിയെടുത്തത്. 450 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ഇതിൽ സ്ത്രീകളെയും കുട്ടികളെയും ബലൂചിസ്ഥാൻ സ്വദേശികളായ യാത്രക്കാരെയും വിട്ടയച്ചുവെന്ന് ബലൂച് വിമോചന പോരാളികൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
തുരങ്കത്തിന് സമീപത്ത് വച്ചാണ് ആയുധധാരികളായ സംഘം ട്രെയിൻ റാഞ്ചിയത്. പർവതങ്ങൾ നിറഞ്ഞ പ്രദേശത്ത് തുരങ്കത്തിന് സമീപത്തായി ട്രെയിൻ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. സ്ഥിതിഗതികൾ വിലയിരുത്താൻ മുതിർന്ന ഉദ്യോഗസ്ഥർ ബൊലാനിലേക്ക് പോയിട്ടുണ്ട്.
പാകിസ്താൻ സൈന്യം നടത്തിയ ആക്രമണം പൂർണമായും ചെറുത്തതായി ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ട്രെയിൻ റാഞ്ചിയത്. ആറ് സുരക്ഷാ ഉദ്യോഗസ്ഥരെ സംഭവസമയത്ത് തന്നെ കൊലപ്പെടുത്തിയിരുന്നു.















