പാലക്കാട്: വാളയാർ കേസിൽ നിർണായക വെളിപ്പെടുത്തലുമായി കുട്ടികളുടെ അമ്മയുടെ ചെറിയച്ഛൻ. കുറച്ചുദിവസം തന്റെ വീട്ടിൽ ഭാഗ്യവതിയും കുടുംബവും താമസിച്ചിരുന്നുവെന്നും മദ്യപിച്ചതിനാൽ വീട്ടിൽ നിന്നും പോകാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
വാളയാറിലെ 13 വയസുകാരി തൂങ്ങിമരിച്ച മുറിയിൽ മദ്യക്കുപ്പികളും ചീട്ട് കെട്ടുകളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടി മരിച്ച സമയത്ത് വീട്ടിൽ പോയിരുന്നു. അന്ന് മുറിയിൽ അര ലിറ്ററിന്റെയും ഒരു ലിറ്ററിന്റെയും മദ്യക്കുപ്പികൾ രണ്ട് മൂന്ന് ചാക്കോളം ഉണ്ടായിരുന്നു. മറ്റേ മുറിയിൽ കുറെ പേർ ഇരുന്ന് ചീട്ട് കളിച്ചതിന്റെ ലക്ഷണങ്ങളായിരുന്നു. എട്ടോ ഒൻപതോ ചീട്ടുകെട്ടും ഉണ്ടായിരുന്നു, ചെറിയച്ഛൻ പറയുന്നു.
13 വയസ്സുകാരിയുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് പൊലീസിന് മൊഴി കൊടുക്കാൻ 9 വയസുകാരി തയ്യാറായിരുന്നു. എന്നാൽ അമ്മ അനുവദിച്ചില്ല. 13 വയസുകാരിയുടെ നെഞ്ചിലും കാലിന്റെ തുടയിലും പൊള്ളിയ പാടുണ്ടായിരുന്നു. ബീഡി കൊണ്ട് പൊള്ളിച്ചതാകാമെന്നും ചെറിയച്ഛൻ ചൂണ്ടിക്കാട്ടി.
ദിവസങ്ങൾക്ക് മുൻപാണ് കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും രണ്ടും മൂന്നും പ്രതികളാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചത്. സിബിഐയുടെ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ സാധൂകരിക്കുന്നതാണ് ചെറിയച്ഛന്റെ വെളിപ്പെടുത്തൽ. പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ അമ്മ ഒത്താശ ചെയ്തിരുന്നുവെന്നാണ് സിബിഐ കുറ്റപത്രത്തിൽ പ്രധാനമായും പറയുന്നത്.















