മുക്ബാംഗ് വീഡിയോകളിലൂടെ ശ്രദ്ധേയനായ സോഷ്യൽമീഡിയ താരം ഇഫീകാൻ കുൽതൂർ (Efecan Kultur) അന്തരിച്ചു. ചികിത്സയിലിരിക്കെ 24-ാം വയസിലാണ് അന്ത്യം. പൊണ്ണത്തടി (obesity) കാരണം യുവാവിന്റെ ആരോഗ്യനില വഷളായിരുന്നു.
തുർക്കിയിൽ നിന്നുള്ള സോഷ്യൽമീഡിയ താരമായ ഇഫീകാൻ കുൽതൂർ പ്രധാനമായും മുക്ബാംഗ് വീഡിയോകളാണ് പങ്കുവച്ചിരുന്നത്. വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിന്റെ സ്ട്രീമിങ്ങായിരുന്നു കുൽതൂറിന്റെ പ്രധാന വിനോദം. തുടർച്ചയായി മുക്ബാഗ് ചെയ്തതോടെ യുവാവിനെ പൊണ്ണത്തടി ബാധിച്ചു. തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ടർക്കി-ടുഡേ റിപ്പോർട്ട് പ്രകാരം മാർച്ച് ഏഴിനാണ് കുൽതൂർ അന്തരിച്ചത്.
എട്ട് മാസം മുൻപായിരുന്നു യുവാവ് യൂട്യൂബിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ടിക്ടോക്കിൽ മുക്ബാംഗ് വീഡിയോ അവസാനമായി പോസ്റ്റ് ചെയ്തത് ഒക്ടോബർ 15നായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതോടെ സ്ട്രീമിംഗ് നിർത്തിവെക്കുകയും ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലേക്ക് യുവാവ് കടക്കുകയും ചെയ്തു. ശ്വസനസംബന്ധമായ അസുഖങ്ങളും യുവാവിനെ ബാധിച്ചിരുന്നു. ഒടുവിലാണ് മരണത്തിന് കീഴടങ്ങിയത്.
എന്താണ് മുക്ബാംഗ് വീഡിയോ (Mukbang)
വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതാണ് മുക്ബാംഗ് വീഡിയോയുടെ ഉള്ളടക്കം. സാധാരണഗതിയിൽ ഒരാൾക്ക് ഒരു ബിരിയാണിയാണ് കഴിക്കാൻ സാധിക്കുക എന്നുണ്ടെങ്കിൽ മുക്ബാംഗ് വീഡിയോ ചെയ്യുന്ന വ്യക്തി 5 ബിരിയാണി കഴിക്കും. ഒരു വ്യക്തിക്ക് താങ്ങാവുന്നതിനുമപ്പുറം എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇത്തരം വീഡിയോ ചെയ്യുന്നവർ ഭക്ഷണം കഴിക്കുക. 6-7 പേർക്ക് കഴിക്കാനുള്ള ആഹാരം ഒരാൾ ഒറ്റയടിക്ക് കഴിച്ചുതീർക്കുന്ന കാഴ്ച നിരവധി പേരിൽ കൗതുകമുണർത്തുന്നതിനാൽ ഇത്തരം വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ദക്ഷിണ കൊറിയയിലാണ് മുക്ബാംഗ് വീഡിയോയുടെ തുടക്കം. ജനപ്രീതി വർദ്ധിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള കണ്ടന്റ് ക്രിയേറ്റേഴ്സ് മുക്ബാംഗ് അനുകരിക്കുകയായിരുന്നു.
അശാസ്ത്രീയമായ ഭക്ഷണക്രമമായതിനാൽ മുക്ബാംഗ് വീഡിയോ ചെയ്യുന്ന പലർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകാറുണ്ട്. വീഡിയോ ചെയ്തതിന് പിന്നാലെയായിരുന്നു കുൽതൂറിന് പൊണ്ണത്തടി ഉണ്ടായത്. ഇരുന്നിടത്ത് നിന്ന് അനങ്ങാൻ പോലും കഴിയാത്തവിധം അമിതവണ്ണം ബാധിച്ച യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.