സെഞ്ചൂറിയനിൽ നടന്ന ടേസ്റ്റ് ഓഫ് സൂപ്പർസ്പോർട്ട് പാർക്ക് പ്രദർശന മത്സരത്തിൽ വെറും 28 പന്തിൽ നിന്ന് അതിവേഗ സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലേഴ്‌സ്. 15 സികസറുകൾ പറത്തിയ താരത്തിന്റെ ഇന്നിംഗ്‌സ് കളിയുടെ ഗതി മാറ്റിമറിച്ചു. ടൈറ്റൻസ് ലെജൻഡ്‌സിനായി കളിക്കുകയായിരുന്ന ഡിവില്ലേഴ്‌സ് സെഞ്ച്വറി പൂർത്തിയാക്കിയ ഉടൻ തന്നെ ക്രീസിൽ നിന്നും മടങ്ങി. എബിഡിയുടെ ഇന്നിംഗ്‌സിന്റെ ബലത്തിൽ ടൈറ്റൻസ് ലെജൻഡ്‌സ് 20 ഓവറിൽ 269 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ബുൾ ലെജൻഡ്‌സ് 14 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടിയപ്പോൾ മഴ കളി തടസ്സപ്പെടുത്തി.
View this post on Instagram
സൂപ്പർ റഗ്ബി ടീമായ ബുൾസിനെ പിന്തുണച്ചിരുന്ന മുൻ റഗ്ബി കളിക്കാരാണ് ബുൾസ് ലെജൻഡ്‌സ് ടീമിൽ ഉണ്ടായിരുന്നത്. അതേസമയം വിരമിക്കുന്നതിന് മുൻപ് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിലെ സ്റ്റാർ ബാറ്ററായിരുന്ന താരം കഴിഞ്ഞ സീസണിലും ടീമിന് പിന്തുണയറിയിച്ചിരുന്നു. കഴിഞ്ഞ ഐപിഎൽ സീസണിൽ തന്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്ന് മികച്ച പ്രകടനം കാഴ്‌ചവെച്ച വിരാട് കോലിയെ ഡിവില്ലേഴ്‌സ് പ്രശംസിച്ചു. വിരാടിന്റെ സ്ട്രൈക്ക് റേറ്റ് സംബന്ധിച്ച വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകിയിരുന്നു. ഇത്തരം അഭിപ്രായങ്ങൾ പരിഹാസ്യമാണെന്നും ടീമിന് ആവശ്യമായത് കൃത്യമായി വിരാട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആർസിബിക്കായി കിരീടം നേടുന്നത് കോലിയുടെ ഇതിഹാസ കരിയറിന് “തികഞ്ഞ ഫിനിഷിംഗ് ടച്ച്” നൽകുമെന്നും ജിയോ ഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ ഡിവില്ലേഴ്‌സ് അഭിപ്രായപ്പെട്ടു. ഈ സീസണിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ആർസിബിയുടെ ആദ്യ മത്സരം. ഐപിഎൽ ആരംഭിച്ച 2008 മുതൽ ഫ്രാഞ്ചൈസിയുടെ ഭാഗമായ കോലി ടീമിനായി ആദ്യ ഐപിഎൽ കിരീടം നേടാനാണ് ലക്ഷ്യമിടുന്നത്.















