പൊലീസിന്റെ ക്രൂരമായ പെരുമാറ്റത്തിൽ പേടിച്ചുവിറച്ച് വേദിയിലിരുന്ന ഒരു കൊച്ചുകലാരിയുടെ മുഖം ആർക്കും മറക്കാനാകില്ല, വയലിനിസ്റ്റ് ഗംഗ ശശിധരൻ. സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ലൈറ്റും സൗണ്ടും ഓഫാക്കിയപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ഭയന്ന പെൺകുട്ടിയുടെ നിസാഹായത ഏവരെയും സങ്കടപ്പെടുത്തിയിരുന്നു. പരിപാടി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോഴായിരുന്നു പൊലീസിന്റെ ക്രൂരത. ആലപ്പുഴയിലെ കൊറ്റകുളങ്ങര ക്ഷേത്രത്തിലാണ് കലാകാരിക്ക് ഇത്തരമൊരു ദുരനുഭവമുണ്ടായത്.
എന്നാലിന്ന്, ആറ്റുകാൽ ദേവീക്ഷേത്രത്തിൽ അതിഗംഭീര സംഗീത വിരുന്നൊരുക്കി ഏവരുടെയും മനം കവർന്നിരിക്കുകയാണ് ഈ കുഞ്ഞുകലാകാരി. ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഗംഗയുടെ സംഗീത പരിപാടി കാണാൻ നിരവധി ആളുകളാണ് സദസിൽ ഉണ്ടായിരുന്നത്. അന്ന് പേടിച്ചുവിറച്ച് സ്റ്റേജിൽ ഇരുന്നെങ്കിൽ ഇന്ന് തലയുയർത്തി ആറ്റുകാലമ്മയുടെ മുന്നിൽ നിന്ന് ആസ്വാദകരെ അമ്പരിപ്പിച്ചിരിക്കുകയാണ് ഗംഗക്കുട്ടി.
നാലര വയസിലാണ് മലപ്പുറം സ്വദേശിയായ ഗംഗ ശശിധരൻ വയലിൻ പഠനം ആരംഭിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ആരാധകരാണ് ഗംഗയ്ക്കുള്ളത്. അമ്മ കൃഷ്ണവേണിയുടെ പിന്തുണയും പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറോടുള്ള ആരാധനയുമാണ് ഗംഗയുടെ പ്രചോദനം. പൊലീസിന്റെ ക്രൂരതയ്‌ക്ക് തന്റെ കഴിവ് കൊണ്ട് തന്നെ മറുപടി പറഞ്ഞിരിക്കുകയാണ് ഈ 11 വയസുകാരി.















