യുട്യൂബ് നോക്കി ഡയറ്റ് ഫോളോ ചെയ്ത് മരണത്തിന് കീഴടങ്ങിയ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയുടെ വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ഡയറ്റിന്റെ പേരിൽ ഭക്ഷണം പൂർണമായി ഉപേക്ഷിച്ച യുവതി മരിക്കുമ്പോൾ ഭാരം 25-കിലോഗ്രാമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർ നാഗേഷ് പറഞ്ഞു.
മസിൽ വെയിറ്റും തീരെയില്ലാത്ത അവസ്ഥയിയിലായിരുന്നു 18-കാരി. ആശുപത്രി പ്രവേശിപ്പിക്കുമ്പോൾ ആരോഗ്യം തീരെയുണ്ടായിരുന്നില്ല. വിശപ്പെന്ന വികാരം പെൺകുട്ടിക്ക് ഉണ്ടായിരുന്നില്ല. രക്തസമ്മർദ്ദവും ഷുഗർ ലെവലും താഴ്ന്ന നിലയിലായിരുന്നു. രക്ത സമ്മർദ്ദം 70 ഉം ഷുഗർ ലെവൽ 45ലുമായിരുന്നു. 120 ആയിരുന്നു സോഡിയം ലെവൽ.
ഭക്ഷണം ചുരുക്കിയതോടെ ശ്രീനന്ദയുടെ ആമാശയവും അന്നനാളവും ചുരുങ്ങിയിരുന്നു. അനോറെക്‌സിയ നെർവോസ എന്ന മാനസികാരോഗ്യ പ്രശ്നമാണ് യുവതിക്കുണ്ടായിരുന്നത്. വണ്ണം കൂടുന്നുണ്ടെന്ന തോന്നലാണ് യുവതിയെ ഡയറ്റിംഗിനും പിന്നീട് പട്ടിണിയിലേക്കും നയിച്ചത്. സ്വന്തം ശരീരത്തെക്കുറിച്ചുള്ള ആശങ്ക വള്ളം കൂടുമോ എന്ന ഭയം എന്നിവയെല്ലാം ഇവരെ അലട്ടിയിരുന്നു. പ്രശ്നം വീട്ടുകാർക്ക് തിരിച്ചറിയാനുമായില്ല.















