തൃശൂർ: ചാലക്കുടിയിൽ ‘ബക്കാർഡി’ കള്ളൻ അറസ്റ്റിൽ. ബിവറേജസിന്റെ പ്രീമിയം കൗണ്ടറിൽ നിന്ന് പതിവായി ബക്കാർഡി ബ്രാൻഡ് മദ്യം മോഷ്ടിക്കുന്നയാളെയാണ് കയ്യോടെ പിടികൂടിയത്. ആളൂർ സ്വദേശി മോഹൻദാസാണ് അറസ്റ്റിലായത്. ഇയാൾ പതിവായി മോഷണം നടത്തിയിരുന്നു. ഇന്നലെ രാത്രി വീണ്ടും മോഷണത്തിന് എത്തിയപ്പോഴാണ് മോഹൻദാസ് കുടുങ്ങിയത്.
ബിവറേജസിൽ കണക്കെടുക്കുമ്പോൾ പലപ്പോഴും സ്റ്റോക്കിൽ വലിയ അളവിലുള്ള വ്യത്യാസം നേരത്തെ രേഖപ്പെടുത്തിയിരുന്നു. മദ്യം മോഷണം പോകുന്നുണ്ടോയെന്ന സംശയവും ഇതോടെ ഉയർന്നു. അപ്പോഴാണ് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. വിലകൂടിയ ബക്കാർഡി മദ്യം ഒരാൾ മോഷ്ടിക്കുന്നുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. കഴിഞ്ഞ ഒമ്പതിനായിരുന്നു ഇയാൾ ബക്കാർഡി മോഷ്ടിച്ചത്. അന്നേദിവസം വിലകുറഞ്ഞ ബിയർ വാങ്ങിയ ഇയാൾ മോഷണമദ്യം അരയിലൊളിപ്പിച്ചാണ് കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ അധികൃതർ തിരിച്ചറിഞ്ഞു.
ഇയാൾ മദ്യം വാങ്ങാൻ ഇനിവരുന്ന സമയത്ത് കയ്യോടെ പിടികൂടാമെന്ന് ജീവനക്കാർ പദ്ധതിയിട്ടു. അതിനിടെയാണ് ചൊവ്വാഴ്ച രാത്രി ഷോപ്പ് അടയ്‌ക്കുന്നതിന് തൊട്ടുമുൻപായി ‘ബക്കാർഡി കള്ളൻ’ വീണ്ടുമെത്തിയത്. പതിവുപോലെ ബക്കാർഡി മോഷ്ടിച്ച് അരയിലൊളിപ്പിച്ച് ഇയാൾ മറ്റൊരു വിലകുറഞ്ഞ മദ്യവുമായി കൗണ്ടറിലെത്തി. ജീവനക്കാർ ഇയാളെ കയ്യോടെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു.