ലോക ഫുട്ബോളിന്റെ ഇതിഹാസ താരം ഡിയഗോ മറഡോണയുടെ മരണത്തിൽ മെഡിക്കൽ സംഘത്തിന്റെ വിചാരണ ആരംഭിച്ചു. മെഡിക്കൽ സംഘത്തിന്റെ വീഴ്ചയാണ് താരത്തിന്റെ മരണത്തിന് കാരണമായതെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു. അർജൻ്റൈൻ ഇതിഹാസം മരിച്ച് നാലു വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിച്ചത്. 2020 നവംബറിലാണ് അദ്ദേഹം മരിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയയ്‌ക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന് ഹൃദയഘാതമുണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. എന്നാൽ ചികിത്സാ പിഴവെന്ന ആരോപണം മെഡിക്കൽ ടീം തള്ളി.
ബ്യൂണസ് അയേഴ്സിലെ പ്രാന്ത പ്രദേശത്തുള്ള സാൻ ഇസിഡ്രോ കോടതി കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം 120 സാക്ഷികളെ വിസ്തരിക്കും. ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്ത ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്ക്, സൈക്യാട്രിസ്റ്റ് അഗസ്റ്റീന കോസച്ചോവ്, ഡോക്ടര്‍ നാന്‍സി ഫോര്‍ലീനി തുടങ്ങി കുറ്റം ചുമത്തപ്പെട്ട മുൻ നഴ്‌സുമാരും ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘമാണ് വിചാരണ നേരിടുന്നത്. കുറ്റം തെളിഞ്ഞാൽ 8 മുതൽ 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. നീതി ലഭിക്കുമെന്ന് മറഡോണയുടെ മക്കളിൽ ഒരാളുടെ അഭിഭാഷകൻ പ്രതികരിച്ചു.















