ലക്നൗ: തലയ്‌ക്ക് വെളിവില്ലാത്തവരാണ് ഔറംഗസേബിനെ പോലുള്ളവരെ ആരാധിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ കടുത്ത വിമർശനമുന്നയിച്ചുകൊണ്ടാണ് യോഗിയുടെ വാക്കുകൾ. മുഗൾ ഭരണാധികാരി ഔറംഗസേബിനെ പോലെയുള്ളവരെ മഹത്വവത്കരിക്കുന്നവർ മനോനില പരിശോധിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. മാനസിക വിഭ്രാന്തിയുള്ളവർക്ക് മാത്രമേ ഔറംഗസേബിനെ ഉത്തമനായി കാണാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ലക്നൗവിൽ നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഭാരതത്തിന്റെ പാരമ്പര്യങ്ങളിലും സനാതന സംസ്കാരത്തിലും വിശ്വസിക്കാത്തവരും അവയ്‌ക്കെതിരെ ഗൂഢാലോചന നടത്തുന്നവരും ഒന്നോർത്തോളൂ. അവർ മഹത്വവത്കരിക്കുന്നവരുടെ വിധി കൂടി എന്തായിരുന്നുവെന്ന്. മനസിന് വിഭ്രാന്തിയുള്ള ഒരു വ്യക്തിക്ക് മാത്രമേ ഔറംഗസേബിനെ ഉത്തമ മാതൃകയായി കണക്കാക്കാൻ കഴിയൂ. മാനസികമായി പക്വതയുള്ളവക്കും വിവേകമുള്ളവക്കും ഇത്രയും ക്രൂരനായ ഒരു ഭരണാധികാരിയെ ആദരിക്കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഇനി സ്വബോധത്തിലാണ് ആദരിക്കുന്നതെങ്കിൽ അത്തരക്കാർ ആദ്യം ചെയ്യേണ്ടത് അവരുടെ മക്കൾക്ക് ഔറംഗസേബ് എന്ന് പേരുനൽകുകയാണ്. എന്നിട്ട് പിതാവ് ഷാജഹാനോട് ഏതുവിധേനയാണോ മകൻ ഔറംഗസേബ് പെരുമാറിയത്, ആ പെരുമാറ്റം നേരിടാൻ കൂടി അവർ തയ്യാറാകണം. സ്വന്തം സഹോദരനെ ക്രൂരമായി കൊലപ്പെടുത്തിയ മനുഷ്യൻ കൂടിയായിരുന്നു ഔറംഗസേബ് എന്നും യോഗി ഓർമ്മപ്പെടുത്തി.
മഹാരാഷ്‌ട്ര എംഎൽഎയും എസ്പി നേതാവുമായ അബു അസ്മിയുടെ വിവാദ പരാമർശമാണ് യോഗിയുടെ വിമർശനത്തിന് ആധാരം. മുഗൾ രാജാവായിരുന്ന ഔറംഗസേബ് ക്രൂരനായിരുന്നില്ല, ചിലർ ചരിത്രത്തെ വളച്ചൊടിച്ച് ഔറംഗസേബിനെ മോശമായി ചിത്രീകരിക്കുകയാണെന്നായിരുന്നു അബു അസ്മിയുടെ പരാമർശം.















