ന്യൂഡൽഹി: വിദ്യാർത്ഥികളെ ഒന്നിലധികം ഭാഷകൾ പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ (NEP) ത്രിഭാഷാ നയത്തെ പിന്തുണച്ച് രാജ്യസഭാ എംപി സുധാ മൂർത്തി. തനിക്ക് 8 ഭാഷകൾ അറിയാമെന്നും ഒന്നലധികം ഭാഷകൾ പടിക്കുന്നതിലൂടെ കുട്ടികൾക്ക് കൂടുതൽ അറിവ് സമ്പാദിക്കാൻ കഴിയുമെന്നും അവർ അഭിപ്രയപ്പെട്ടു. ത്രിഭാഷാ നയത്തിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് സുധാമൂർത്തിയുടെ പ്രതികരണം.
“ഒരാൾക്ക് ഒന്നിലധികം ഭാഷകൾ പഠിക്കാൻ കഴിയും. എനിക്ക് തന്നെ 7-8 ഭാഷകൾ അറിയാം. അതിനാൽ ഞാൻ കൂടുതൽ ഭാഷകൾ പഠിക്കുന്നത് ആസ്വദിക്കുന്നു, കുട്ടികൾക്കും ഇതിലൂടെ അറിവ് സമ്പാദിക്കാൻ കഴിയും.” സുധാമൂർത്തി പറഞ്ഞു.
ത്രിഭാഷാ നയമുപയോഗിച്ച് സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ ആഞ്ഞടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഒരിക്കലും ഇത്തരമൊരു ‘പാപം’ ചെയ്യാൻ ഭാഷ ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ത്രിഭാഷാ നയത്തിനെതിരായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) എതിർപ്പിനെ ധനമന്ത്രി നിർമ്മല സീതാരാമനും വിമർശിച്ചു. സ്റ്റാലിൻ സർക്കാർ തമിഴ്‌നാട്ടിൽ ഒരു രാഷ്‌ട്രീയ കുഴപ്പം സൃഷ്ടിക്കുകയാണെന്നും കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.















