പാലക്കാട്: ഹണി ട്രാപ്പിലൂടെ കവർച്ച നടത്തിയ സംഭവത്തിൽ സ്ത്രീ അടക്കം രണ്ടുപേർ പിടിയിൽ. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂർ താമസിക്കുന്ന മൈമുന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറയ്‌ക്കൽ എസ്. ശ്രീജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. കൊഴിഞ്ഞാമ്പാറ പൊലീസാണ് ഇവരെ പിടികൂടിയത്. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് കവർച്ച നടന്നത്.
കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെ ഹണിട്രാപ്പിൽ കുടുക്കി കവർച്ച ചെയ്യാൻ ശ്രമിച്ചെന്നാണ് കേസ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ജ്യോത്സ്യൻ ധരിച്ചിരുന്ന നാലര പവന്റെ സ്വർണ്ണ മാല, മൊബൈൽ ഫോൺ, 2000 രൂപ എന്നിവ പ്രതികൾ കൈക്കലാക്കി. കൂടുതൽ പണം ആവശ്യപ്പെട്ടെങ്കിലും ജോത്സ്യൻ ഓടിരക്ഷപ്പെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു.
വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ ജ്യോത്സ്യനെ വിളിച്ചുവരുത്തിയത്. കൊല്ലങ്കോട് സ്വദേശിയാണ് ജ്യോത്സ്യൻ. ചൊവ്വാഴ്ച വൈകിട്ട് ഇയാളുടെ വീട്ടിലെത്തിയ മൈമുനയും യുവാവും കുടുംബപ്രശ്നങ്ങളെക്കുറിച്ച് വിവരിച്ചു. ഭർത്താവുമായി പിണക്കത്തിലാണെന്നും വീട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പൂജ ചെയ്യണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ബുധനാഴ്ച രാവിലെ ജ്യോത്സ്യനെ രണ്ടുപേർ ചേർന്ന് ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
പൂജ ചെയ്യാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെ ജ്യോത്സ്യനെ ആക്രമിച്ച പ്രതികൾ അദ്ദേഹത്തെ മർദ്ദിച്ച് അവശനാക്കി. വിവസ്ത്രനാക്കി നിർത്തിയ ശേഷം മൈമുനയുടെ ഒപ്പം നിർത്തി ഫോട്ടോയെടുത്തു. വീഡിയോയും ചിത്രീകരിച്ചു. ഇതിന് ശേഷം ജ്യോത്സ്യന്റെ കൈവശമുണ്ടായിരുന്ന മാലയും പണവും കവർന്നു. 20 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഈ നഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ എൻ. പ്രതീഷിന്റെ വീട്ടിലായിരുന്നു ജ്യോത്സ്യനെ എത്തിച്ച് ഹണിട്രാപ്പ് കവർച്ച നടത്തിയത്. ഇതിനിടെ പ്രതീഷിന്റെ മൊബൈൽ ടവർ ലൊക്കേഷൻ തേടി പൊലീസ് അവിടെയെത്തിയതോടെ സംഭവത്തിൽ വഴിത്തിരിവുണ്ടാവുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഹണിട്രാപ്പ് സംഘം പൊലീസിനെ കണ്ടതും കടന്നുകളഞ്ഞു. മോഷ്ടാക്കളിൽ നിന്ന് രക്ഷപ്പെട്ട ജ്യോത്സ്യൻ ഇതിന് പിന്നാലെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.















