ചെന്നൈ: 2025-26 സംസ്ഥാന ബജറ്റിന്റെ ലോഗോയിൽ ‘റുപെ’ എന്ന ചിഹ്നത്തിന് പകരം അക്ഷരം ഉപയോഗിച്ചതിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സംസ്ഥാന സർക്കാരിന്റെ ഈ നീക്കത്തെ വിഡ്ഢിത്തം എന്നാണ് അണ്ണാമലൈ പരാമർശിച്ചത്.
“രൂപയുടെ ദേശീയ ചിഹ്നത്തെ സ്റ്റാലിൻ സർക്കാർ അപമാനിച്ചു. മുൻ ഡിഎംകെ എംഎൽഎയുടെ മകൻ ഉദയ്കുമാർ രൂപകൽപ്പന ചെയ്തതായിരുന്നു അത്. രാജ്യം മുഴുവൻ ഔദ്യോഗികമായി അംഗീകരിച്ച രൂപയെ അപമാനിച്ചുകൊണ്ടാണ് ഡിഎംകെ സർക്കാർ പുതിയ ലോഗോ പുറത്തിറക്കിയത്. ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ട സ്റ്റാലിനെ വിഡ്ഢി എന്നല്ലാതെ മറ്റെന്താണ് വിളിക്കാൻ കഴിയുക”- അണ്ണാമലൈ എക്സിൽ കുറിച്ചു.
ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയും സ്റ്റാലിനെതിരെ രൂക്ഷമായി വിമർശിച്ചു. ഉദയ്കുമാർ രൂപകൽപ്പന ചെയ്ത ലോഗോ ഭാരതം അംഗീകരിച്ചതാണ്. എന്നാൽ അത് ഇന്ന് ഒഴിവാക്കിയിരിക്കുന്നു. സ്റ്റാലിൻ തമിഴ്നാട്ടിലെ ജനങ്ങളെ അപമാനിക്കുകയാണെന്ന് അമിത് മാളവ്യ കുറിച്ചു.
ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ അനാവശ്യവാദങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് സ്റ്റാലിൻ സർക്കാർ വീണ്ടും വിവാദത്തിലായത്. മാർച്ച് 14-ന് അവതരിപ്പിക്കുന്ന ബജറ്റിന്റെ ടീസറിലാണ് ലോഗോ മാറ്റിയിരിക്കുന്നത്. റുപെ എന്നതിന്റെ ഹിന്ദി അക്ഷരമാണ് രൂപയുടെ ഔദ്യോഗിക ചിഹ്നം. ഇത് മാറ്റിയാണ് രു എന്നതിന്റെ തമിഴ് അക്ഷരം ഉപയോഗിച്ചിരിക്കുന്നത്. ‘സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ തമിഴ്നാടിന്റെ വികസനം ഉറപ്പാക്കാൻ’ എന്ന് പറഞ്ഞാണ് സ്റ്റാലിൻ ടീസർ പുറത്തുവിട്ടത്.