കോഴിക്കോട്: നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ഓഫീസിന്റെ ബോർഡ് നീക്കം ചെയ്യാൻ നിയമപാലകർക്ക് ഇപ്പോഴും വൈമനസ്യം. സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഇപ്പോഴും പേരും അഡ്രസും അടങ്ങിയ ബോർഡുള്ളത്. കോഴിക്കോട് മീൻചന്തയിൽ “യൂണിറ്റി സെൻറർ” എന്ന പേരിലായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്.
ആറ് വർഷത്തോളം ഇവിടെ കേന്ദ്രീകരിച്ചായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ പ്രവത്തനം. വിദേശത്ത് നിന്ന് ഹവാല പണവും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ടിന്റെ ശേഖരണവും ഏകോപിപ്പിച്ചിരുന്നത് യൂണിറ്റി ഹൗസിൽ നിന്നാണെന്ന് ദേശീയ ഏജൻസികൾ കണ്ടെത്തിയിരുന്നു. വന്‍കിട സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രവാസികളില്‍ നിന്ന് എല്ലാ മാസവും നിശ്ചിത സംഖ്യ പിരിവ് വാങ്ങിയിരുന്നു. ഇവ ഏകോപിപ്പിച്ചതും യൂണിറ്റി ഹൗസിലാണ്. ഇവിടെ വച്ചാണ് ഭീകരസംഘടനയുടെ നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
പിഎഫ്ഐയെ കേന്ദ്രസർക്കാർ നിരോധിച്ചതിന് പിന്നാലെ എൻഐഎ അടക്കമുള്ള ദേശീയ ഏജൻസികൾ ഇവിടെ റെയ്ഡ് നടത്തുകയും ഓഫീസ് അടച്ചുപൂട്ടി മുദ്രവെക്കുകയും ചെയ്തിരുന്നു. എന്നിട്ടും നിരോധിത സംഘടനയുടെ പരസ്യം എന്ന പോലെ നിലനിൽക്കുന്ന ബോർഡ് മാറ്റാൻ പൊലീസും പ്രാദേശിക ഭരണകൂടമോ തയ്യാറായിട്ടില്ല.
ദിവസങ്ങൾക്ക് മുൻപ് ജനം ടിവി വാർത്തയെ തുടർന്നാണ് കോഴിക്കോട്ട് ബസ് ഷെൽറ്ററിലെ പിഎഫ്ഐ ബോർഡ് നീക്കം ചെയ്യാൻ പൊലീസ് തയ്യാറായത്..















