രാജ്യത്ത് വലിയൊരു ആരോഗ്യ പ്രതിസന്ധി നിശബ്ദമായി ഉടലെടുക്കുന്നുണ്ടെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമായ MediBuddy-യുടെ സമീപകാല പഠനത്തിൽ പറയുന്നതനുസരിച്ച് കോർപ്പറേറ്റ് ജോലി ചെയ്യുന്ന പുരുഷന്മാരിൽ 57% ത്തിലധികം പേർക്കും വിറ്റാമിൻ ബി12 നന്നേ കുറവാണെന്നാണ് കണ്ടെത്തൽ. ശരീരത്തിന് പ്രവർത്തിക്കാനാവശ്യമായ ഊർജ്ജത്തിന്റെ ഉറവിടമാണ് വിറ്റാമിൻ ബി12. തലച്ചോറിന്റെ പ്രവർത്തനത്തിനും ഇത് അത്യന്താപേക്ഷിതമാണെന്നിരിക്കെയാണ് പുരുഷന്മാരിൽ വലിയ തോതിൽ ഈ പോഷകത്തിന്റെ അപര്യാപ്തതയുണ്ടെന്ന കണ്ടെത്തൽ പുറത്തുവരുന്നത്.
നഗരപ്രദേശങ്ങളിലെ കോർപ്പറേറ്റ് ജീവനക്കാരായ 4,400 പേരിൽ (3,338 പുരുഷന്മാർ, 1,059 സ്ത്രീകൾ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. വനിതാ ജീവനക്കാരിൽ 50% പേർക്ക് സമാനമായ കുറവുണ്ടെന്നും കണ്ടെത്തലുണ്ട്.
കോർപ്പറേറ്റ് പ്രൊഫഷണലുകൾക്കിടയിൽ വിറ്റാമിൻ ബി12 ന്റെ കുറവ് സംഭവിക്കുന്നതിന് കാരണം
മിക്കവർക്കും മറ്റെല്ലാന്തിനേക്കാളും പ്രധാനം ജോലി തന്നെയാണ്. തിരക്കേറിയ ഷെഡ്യൂളുകൾ കാരണം മോശം ഭക്ഷണശീലങ്ങൾ, ഉയർന്ന സമ്മർദ്ദം, അശാസ്ത്രീയ ഡയറ്റ് എന്നിവയെല്ലാം കോർപ്പറേറ്റ് പ്രൊഫഷണലുകൾക്കിടയിൽ സാധാരണവുമാണ്. ഇത് പലപ്പോഴും പോഷകാഹാരക്കുറവിന് കാരണമാകുന്നു. ലക്ഷണങ്ങൾ പ്രകടമാകുന്നത് വരെ ഇതിനൊന്നും യാതൊരു ശ്രദ്ധയും ഇവർ നൽകില്ല. ഒടുവിൽ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ പിടിപെട്ട് രക്തപരിശോധന നടത്തുമ്പോഴായിരിക്കും വിറ്റാമിൻ ബി12 അടക്കമുള്ള പല പ്രധാന പോഷകങ്ങളുടെ കുറവുണ്ടെന്ന് അറിയുക. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഭക്ഷണക്രമത്തിലെ പോരായ്മ തന്നെയാണ്.
പ്രോസസ്ഡ് ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതും മദ്യപാനവും കഫീൻ അധികമുള്ള പാനീയങ്ങൾ പതിവായി കുടിക്കുന്നതും വിറ്റമിൻ ബി12 ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ ശേഷിയെ ദുർബലപ്പെടുത്തുന്നു. കോർപ്പറേറ്റ് ജീവനക്കാരിൽ ജോലി സമ്മർദ്ദം വർദ്ധിക്കുന്നത് കോർട്ടിസോൾ ഉൽപാദനം ഉയർത്തുന്നതിനും ഇതുവഴി ശരീരത്തിലെ വിറ്റമിൻ ബി12 കുറയുന്നതിനും കാരണമാകും.
നാഡീവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനും ഊർജ്ജോത്പാദനത്തിനും വിറ്റാമിൻ ബി12 പ്രധാനമാണ്. വിറ്റാമിൻ ബി12 കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ ഇതെല്ലാം:
- വിട്ടുമാറാത്ത ക്ഷീണവും പേശികൾക്ക് ബലഹീനതയും
- കൈകളിലും കാലുകളിലും ഇക്കിളി അനുഭവപ്പെടൽ
- ഓർമ്മക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
- ക്ഷോഭം, വിഷാദം, മാനസികപിരിമുറുക്കങ്ങൾ
- തലകറക്ക, ശ്വാസം മുട്ടൽ
ഇതെല്ലാം ജോലി സംബന്ധമായ ക്ഷീണമാണെന്ന് കരുതി പലരും തള്ളിക്കളയാറുണ്ട്, എന്നാൽ ഈ ലക്ഷണങ്ങൾ ഏതെങ്കിലും ആവർത്തിച്ച് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കാൻ മടിക്കരുത്. വിറ്റമിൻ ബി12ന്റെ കുറവ് പരിഹരിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുമെന്ന് ഓർക്കുക. അനീമിയ, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവയ്‌ക്ക് ഇത് കാരണമായേക്കും.
വിറ്റാമിൻ ബി12 എങ്ങനെ ഉയർത്താം
- B12 ധാരാളമുള്ള ഭക്ഷണം ദിവസം കഴിക്കുക – ചിക്കൻ, മുട്ട, പാൽ, മത്സ്യം, യോഗർട്ട് എന്നിവ
- ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് B12 ലഭിക്കുന്നില്ലെന്നെങ്കിൽ ഡോക്ടറോട് ചോദിച്ച് സപ്ലിമെന്റ്സ് എടുക്കാം
- മദ്യപാനം ഒഴിവാക്കുക, കഫീൻ ഉപയോഗം കുറയ്‌ക്കുക
- ജോലിക്കിടയിൽ ചെറിയ ഇടവേള എടുക്കുക, എന്തെങ്കിലും ഫിസിക്കൽ ആക്ടിവിറ്റി ചെയ്യുക
- മെഡിറ്റേഷനിലൂടെയോ മറ്റെന്തെങ്കിലും ടെക്നിക്കുകൾ ഉപയോഗിച്ചോ സമ്മർദ്ദം കുറയ്‌ക്കുക
- ശരീരത്തിൽ എപ്പോഴും ജലാംശമുണ്ടെന്ന് ഉറപ്പുവരുത്തുക, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക.















