മലപ്പുറം: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടച്ചുപൂട്ടിയ മലപ്പുറം മഞ്ചേരിയിലെ ഇസ്ലാം മതപരിവർത്തന കേന്ദ്രമായ സത്യസരണി രഹസ്യമായി പ്രവർത്തിക്കുന്നതായി സൂചന. സ്ഥാപനത്തിന്‍റെ പ്രവർത്തനത്തിനായി സമൂഹ മാദ്ധ്യമങ്ങളിലൂടെ അടക്കം വ്യാപകഫണ്ട് പിരിവ് നടക്കുന്നതായാണ് വിവരം. സത്യസരണിയുടെ പ്രവർത്തനത്തിന് ഉദാരമായി സംഭാവന ചെയ്യുക എന്ന തരത്തിലാണ് പ്രചാരണം. ഗൂഗിൾ പേ നമ്പറും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നൽകിയിട്ടുണ്ട്. സത്യസരണി മുൻപ് നടത്തിയ പരിപാടിയുടെ ചിത്രങ്ങളും വിശദീകരണവും ഇതിലുണ്ട്.
നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രധാന പ്രവർത്തന കേന്ദ്രമായിരുന്നു സത്യസരണി. പിഎഫ്ഐ ഫണ്ടുപയോഗിച്ചായിരുന്നു പ്രവർത്തനം. പിഎഫ്ഐയുടെ നിരോധന സമയത്ത് സത്യസരണിക്കെതിരെ നടപടിയെടുത്തിരുന്നില്ല. പിന്നാലെ സ്ഥാനപത്തിന്റെ പ്രവർത്തനം ഏജൻസികളുടെ റഡാറിലായിരുന്നു. തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് സത്യസരണി അടക്കമുള്ള പിഎഫ്ഐയുടെ സ്വത്ത് വകകൾ കേന്ദ്ര എജൻസികൾ കണ്ടുകെട്ടി പ്രവർത്തനം അവസാനിപ്പിച്ചത്.
ആരംഭിച്ച കാലംതോട്ടെ സത്യസരണിയുടെ പ്രവർത്തനം ദുരൂഹമായിരുന്നു. നൂറു കണക്കിന് ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തിലെ പെൺകുട്ടികളാണ് സത്യസരണിയിൽ വച്ച് മതം മാറിയത്. ഇവിടെ നിന്നും മതം മാറ്റത്തിന് വിധേയരായവർ ഐഎസ് അടക്കമുള്ള ഭീകരവാദ സംഘടനകളിലേക്ക് പോയതായും അന്വേഷണ ഏജൻസികളുടെ കണ്ടെത്തിയിരുന്നു. പൊലീസിന് പോലും പ്രവേശനം നിഷിദ്ധമായ ഇടമായ സത്യസരണിയുടെ പല രഹസ്യങ്ങളും പുറത്ത് വിട്ടത് അവിടെനിന്ന് രക്ഷപ്പെട്ട ആളുകൾ തന്നെയായിരുന്നു.















