കൊച്ചി: കളമശേരി പോളി ടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതി ആകാശ് 14 ദിവസത്തേക്ക് റിമാൻഡിൽ. കഞ്ചാവ് സൂക്ഷിച്ചിരുന്നത് വിൽപ്പനയ്‌ക്കാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്നയാളാണ് ആകാശെന്നും കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ പിടിയിലായ എസ്എഫ്ഐ നേതാവ് അഭിരാജിനെയും ആദിത്യനേയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പോളി ടെക്നിക് കോളേജ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കേസിൽ അകപ്പെട്ട അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെ സസ്പെൻഡ് ചെയ്തതായും കോളേജ് അധികൃതർ വ്യക്തമാക്കി.
കഞ്ചാവ് വേട്ടയുടെ പശ്ചാത്തലത്തിൽ കോളേജ് പ്രിൻസിപ്പലിനെ എബിവിപി പ്രവർത്തകർ ഉപരോധിച്ചു. കേസിൽ അകപ്പെട്ട വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. പ്രിൻസിപ്പലിനെ ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
ഹോളി ആഘോഷത്തിന്റെ പേരിൽ കോളേജിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡിനെത്തിയത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ഹോസ്റ്റലിൽ നടത്തിയ മിന്നൽ പരിശോധന പുലർച്ചെ നാലുമണി വരെ നീണ്ടു. ആകെ രണ്ട് കിലോയോളം കഞ്ചാണ് വിവിധ മുറികളിൽ നിന്നായി പിടികൂടിയത്. കഞ്ചാവ് തൂക്കി വിൽക്കാനുള്ള ഇലക്ട്രോണിക് ത്രാസ്, മദ്യക്കുപ്പികൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
ക്യാമ്പസിൽ നിന്ന് ലഹരി മരുന്ന് മുൻപും പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവ ചെറിയ അളവിലുള്ളതാണെന്നുമായിരുന്നു പോളി ടെക്നിക് കോളേജ് പ്രിൻസിപ്പൽ ജോ. ഐജു തോമസിന്റെ പ്രതികരണം.