പാലക്കാട്: കുഞ്ഞുങ്ങളുടെ ലോകം മൊബൈൽ സ്ക്രീനിൽ ചുരുങ്ങുന്ന കാലത്ത് പ്രതീക്ഷയായി മൂന്ന് വയസുകാരൻ. ഗീതാധ്യാനം മനപാഠമാക്കി അക്ഷര സ്ഫുടതയോടെ ചൊല്ലി വിസ്മയിപ്പിക്കുകയാണ് മാനവ് എന്ന കൊച്ചു മിടുക്കൻ. ഗീതാധ്യാനത്തിലെ 52 വരികൾക്ക് പുറമേ മറ്റ് ധ്യാന ശ്ലോകങ്ങളും മാനവിന് മനഃപാഠമാണ്. ഇത് കൂടാതെ സുഭാഷിതങ്ങൾ ചൊല്ലി അർത്ഥം വ്യാഖ്യാനിക്കുകയും ചെയ്യും.
പാലക്കാട് മൂത്താൻതറ സ്വദേശികളായ അരുൺ രാജ്- ശ്രീലക്ഷ്മി ദമ്പതികളുടെ മകനാണ് മാനവ്. മുത്താൻതറ റാണാപ്രതാപ് സ്ട്രീറ്റിലെ സുശീല ടീച്ചറാണ് സൗജന്യമായി മാനവ് അടക്കമുള്ള കുട്ടികളെ ഗീത പഠിപ്പിക്കുന്നത്. ആറ് മാസം മുൻപാണ് ടീച്ചറുടെ അടുത്ത് ഗീത പഠന ക്ലാസിന് ചേർത്തത്. ശനിയും ഞായറുമാണ് ക്ലാസ്. ആദ്യം മുതലേ പോകാൻ മാനവിന് നല്ല താൽപ്പര്യമായിരുന്നു, അച്ഛൻ അരുൺരാജ് പറഞ്ഞു.
മൊബൈലിനൊപ്പം വളരുന്ന കുഞ്ഞുങ്ങളുടെ കാലത്ത്, മാനവ് സമാജത്തിന് തന്നെ പ്രതീക്ഷയാണ്. ഇതുപോലെ ഒരുപാട് ‘മാനവ്’ മാർ ഉണ്ടായാൽ സമാജത്തിന്റെ ഭാവി ഭദ്രമായിരിക്കും.