അങ്ങനെയവർ മടങ്ങിവരാൻ പോവുകയാണ് സുഹൃത്തുക്കളെ.. എട്ട് ദിവസത്തിനായി പോയി, എട്ട് മാസം കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ക്രൂ-10 ദൗത്യം അമേരിക്ക വിക്ഷേപിച്ചു. മാർച്ച് 12ന് വിക്ഷേപിക്കേണ്ടിയിരുന്ന ദൗത്യം സാങ്കേതിക തകരാറിനെ തുടർന്ന് അവസാന നിമിഷം മാറ്റിവച്ചെങ്കിലും ഒടുവിൽ സംഭവ്യമായിരിക്കുകയാണ്.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) എത്തിയ നാസയുടെ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും തിരിച്ചുവരാൻ കഴിയാതെ ഒമ്പത് മാസമായി ISSൽ കുടുങ്ങിക്കിടക്കുന്നത് വലിയ ആശങ്കയ്‌ക്ക് ഇടയാക്കിയിരുന്നു. സുനിത ഇന്ത്യൻ വംശജയായതിനാൽ ഇന്ത്യയിലും ഈ വാർത്ത ഏറെ പ്രാധാന്യം നേടി. സുനിതയേയും വിൽമോറിനേയും തിരിച്ചെത്തിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയ അമേരിക്ക, ഒടുവിൽ നാസയും സ്പേസ് എക്സും (SpaceX) സംയുക്തമായി നടത്തുന്ന ക്രൂ-10 ദൗത്യത്തിലാണ് പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്.
Liftoff of Crew-10! pic.twitter.com/OOLMFQgA52
— SpaceX (@SpaceX) March 14, 2025
ഇലോൺ മസ്കിന്റെ സ്പേസ് എക്സും അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയും ചേർന്ന് തയ്യാറാക്കിയ ക്രൂ-10 ദൗത്യത്തിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് 7.03ന് ISS-ലേക്ക് കുതിച്ചു. നാസയിലെ നാല് അംഗങ്ങളാണ് റോക്കറ്റിലുള്ളത്. ഇവർ ISSൽ ഇറങ്ങുകയും പകരം സുനിതയും ബുച്ച് വിൽമോറും മറ്റ് രണ്ടുപേരും ഫാൽക്കണിൽ കയറി തിരിച്ചുവരികയും ചെയ്യുന്നതാണ് ക്രൂ-10 ദൗത്യം. മാർച്ച് 15ന് ശേഷം ക്രൂ-10 ദൗത്യം ISS-ൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരിച്ച് സുനിതയടക്കം നാല് പേരുമായി മാർച്ച് 19ന് മുൻപായി ഭൂമിയിലേക്ക് മടങ്ങുകയും ചെയ്യും.
ബോയിംഗ് സ്റ്റാർലൈനർ സ്പേസ് ക്രാഫ്റ്റിലായിരുന്നു എട്ട് ദിവസത്തെ ദൗത്യത്തിനായി സുനിതയും സംഘവും ഒമ്പത് മാസം മുൻപ് പുറപ്പെട്ടത്. സാങ്കേതിക തകരാറുകൾ കാരണം മടക്കയാത്ര പ്രതിസന്ധിയിലായപ്പോൾ ഒഴിഞ്ഞ സ്റ്റാർലൈനർ പേടകമായിരുന്നു ഭൂമിയിലേക്ക് മടങ്ങിവന്നത്. നിശ്ചയിച്ചതിലും കൂടുതൽ കാലം ISSൽ തങ്ങേണ്ടി വന്നതിനാൽ നിരവധി പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും സുനിത ഏർപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന റെക്കോർഡും അവർ സ്വന്തമാക്കി.