ഹരിപ്പാട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുളള ചേപ്പാട് മേജർ വെട്ടിക്കുളങ്ങര ദേവീ ക്ഷേത്രത്തിലും ഉത്സവത്തിന്റെ ഭാഗമായി സിപിഎം പടപ്പാട്ടുകൾ പാടി. ക്ഷേത്രത്തിലെ മൂന്നാം ഉത്സവത്തിനോട് അനുബന്ധിച്ചു നടന്ന ഗാനമേളയാണ് സിപിഎം പാർട്ടി പരിപാടിയാക്കി മാറ്റി നിറം കെടുത്തിയത്. മൂന്നാം ഉത്സവ കമ്മിറ്റി സിപിഎം നിയന്ത്രണത്തിലാണ് എന്ന് റിപ്പോർട്ടുണ്ട്. അവരാണ് സിപിഎം വേദികളിൽ പടപ്പാട്ടുകൾ പാടുന്ന പാട്ടുകാരന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വേദിയൊരുക്കിയത്.
ക്ഷേത്രാങ്കണത്തിൽ തന്നെ സജ്ജീകരിച്ചിരുന്ന സ്റ്റേജിൽ നടന്ന പരിപാടിയിൽ ലാൽസലാം ലാൽസലാം എന്ന് തുടങ്ങുന്ന ഗാനമുൾപ്പെടെ നിരവധി സിപിഎം ഗാനങ്ങൾ ഇയാൾ പാടി. സദസ്സിൽ ഉണ്ടായിരുന്നവർ ‘ആവശ്യപ്പെട്ടിട്ട്’ എന്ന വ്യാജേന ‘പുഷ്പനെ അറിയാമോ’ എന്ന പാട്ടും ഇയാൾ പാടി.ഇവയുൾപ്പെടെ നിരവധി പാർട്ടി ഗാനങ്ങളാണ് ഇയാൾ ഇവിടെ ആലപിച്ചത്.
ക്ഷേത്രാങ്കണത്തിൽ തന്നെ സജ്ജീകരിച്ചിരുന്ന സ്റ്റേജിൽ ഇരുന്നു പാടുമ്പോൾ അത് ഏതാണ്ട് ദേവീ പ്രതിഷ്ഠക്ക് നേരെയായാണ് വരിക.
ഗസൽ ഗായകൻ എന്ന ലേബലിലാണ് പാർട്ടിപ്പാട്ടുകൾ പാടുന്ന ആളെ വെട്ടിക്കുളങ്ങരയിലും അവതരിപ്പിച്ചത്. സിപിഎം അനുഭാവമുള്ളവർ ചേർന്നു രൂപം കൊടുത്ത കേളി സാംസ്‌കാരിക വേദി എന്ന നിഴൽ സംഘടനയായിരുന്നു വെട്ടിക്കുളങ്ങര മൂന്നാം ഉത്സവത്തിന്റെ സംഘാടകർ.
ഓണാട്ടുകരയിലെ ഏറ്റവും പ്രശസ്തങ്ങളായ ദേവീ ക്ഷേത്രങ്ങളിൽ ഒന്നാണ് ഹരിപ്പാടിനടുത്ത് ചേപ്പാട് മേജർ വെട്ടിക്കുളങ്ങര ദേവീ ക്ഷേത്രം.
ഉത്സവകാലത്ത് കേരളത്തിൽ നിരവധി ക്ഷേത്രങ്ങളിൽ ചുവപ്പ് രാഷ്‌ട്രീയം കലർത്തുന്ന സിപിഎം നിലപാടിനെതിരെ അതാത് പ്രദേശങ്ങളിൽ ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.
Photo Courtesy: Facebook















