തിരുവനന്തപുരം:ഗ്യാസ് ഏജന്‍സി ഉടമയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സെയില്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്‌സ് മാത്യു വിജിലന്‍സിന്റെ പിടിയിലായി. അഞ്ച് വര്‍ഷമായി പനമ്പള്ളി നഗറിലുള്ള ഐഓസി ഓഫീസിലാണ് അലക്‌സ് മാത്യു. കവടിയാര്‍ സ്വദേശിയും ഗ്യാസ് ഏജൻസി ഉടമയുമായ മനോജിന്റെ പരാതിയിലാണ് വിജിലന്‍സിന്റെ നടപടി. 2013 മുതല്‍ ഇയാള്‍ പരാതിക്കാരനില്‍ പണം കൈപ്പറ്റുന്നുണ്ട് എന്നാണ് ആരോപണം. ഇക്കുറി വീട്ടില്‍ വന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് പരാതിപ്പെടാന്‍ മനോജ് തീരുമാനിച്ചത്.
ഒരു ഏജന്‍സി പുതിയതായി വരുമ്പോള്‍ പഴയ ഏജന്‍സിയില്‍ നിന്നുള്ള ഉപഭോക്താക്കളെ പുതിയ ഏജന്‍സികളിലേക്ക് വിഭജിച്ച് കൊടുക്കുന്നത് അലക്‌സ് മാത്യുവാണ്.50000 ഉപഭോക്താക്കളുള്ള മനോജിന്റെ ഏജന്‍സിയില്‍ നിന്ന് 25000 പേരെ മറ്റ് ഏജന്‍സികള്‍ക്ക് വിഭജിച്ച് നല്‍കിയ ശേഷം ഇനിയും ഉപഭോക്താക്കളെ മറ്റ് ഏജന്‍സികള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അലക്‌സ് മാത്യു രണ്ട് മാസം മുമ്പ് മനോജില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതോടെയാണ് മനോജ് വിജിലന്‍സിന് പരാതി നല്‍കിയത്.
തത്കാലം രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് അലക്‌സിനെ മനോജ് തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വെച്ച് പണം വാങ്ങിയപ്പോഴാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അലക്‌സിനെ തെളിവോടെ പിടികൂടിയത്. അലക്സ് മാത്യുവിന്റെ എറണാകുളത്തെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.















