തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് രോഗികളുടെ പരിശോധനക്കയച്ച ശസ്ത്രക്രിയ ശരീര ഭാഗങ്ങൾ കാണാതായി. . 17 രോഗികളുടെ സ്പെസിമെനാണ് നഷ്ടമായത്. വെള്ളിയാഴ്ചയാണ് സംഭവം.
സംഭവത്തിൽ ഒരു ആക്രി കച്ചവടക്കാരനെ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. രണ്ട് ജീവനക്കാർ ചേർന്ന് പാത്തോളജി ലാബിലേക്ക് ആംബുലൻസിൽ കൊണ്ടുപോയ ശരീര ഭാഗങ്ങൾ ലാബിന് സമീപത്തെ കോണിപ്പടിയിൽ ഇറക്കിവെച്ചു. ഇവർ ലാബിൽ പോയി തിരിച്ചുവരുന്നതിനിടയിലാണ് ആക്രിക്കാരൻ ഇത് എടുക്കുന്നത്.
ആക്രി ആണെന്ന് കരുതി എടുത്തുവെന്നാണ് ആക്രിക്കാരൻ പറയുന്നത്. ശരീരഭാഗങ്ങൾ ആണെന്ന് കണ്ടതോടെ പ്രിൻസിപ്പൽ ഓഫീസിന് സമീപം ഉപേക്ഷിച്ചെന്നും ഇയാൾ പറയുന്നു. സംഭവശേഷം ആക്രിക്കാരനെ കണ്ടെത്തി ജീവനക്കാർ മർദിച്ചതായി പറയുന്നു
ലാബിലേക്ക് സ്പെസിമെൻ ലഭിച്ചിട്ടില്ലെന്നും സ്പെസിമനു കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും നിലവിൽ രോഗികൾ ആശങ്കപ്പെടേണ്ടെന്നും പാത്തോളജി ഡിപ്പാർട്ട്മെന്റ് എച്ച്ഒഡി ഡോ. എൻ. ലൈല രാജി പറഞ്ഞു.വിശദമായി അന്വേഷിക്കാൻ നിർദേശം നൽകിയതായി കഴക്കൂട്ടം എസിപി അറിയിച്ചു.സംഭവത്തിൽ വീഴ്ച വരുത്തിയ ജീവനക്കാരനെ സസ്പെൻഷൻഡ് ചെയ്തിട്ടുണ്ട്.















