മലപ്പുറം: സ്വർണാഭരണങ്ങളുമായി പോയ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്ന സംഭവത്തിൽ വൻ വഴിത്തിരിവ്. മോഷണം നാടകമാണെന്നും പരാതിക്കാരനായ ഒരാളുടെ സഹായത്തോടെയാണ് നടത്തിയതെന്നും പൊലീസ് കണ്ടെത്തി. സ്വർണവുമായി ബൈക്കിൽ സഞ്ചരിച്ച തിരൂർക്കാട് സ്വദേശി ശിവേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ കാട്ടുങ്ങലിലാണ് ജ്വല്ലറി ജീവനക്കാരനില്‍ നിന്നും സ്വര്‍ണം കവര്‍ന്നത്. മലപ്പുറം കോട്ടപ്പടിയിലെ ക്രൗൺ ജ്വല്ലേഴ്സിൽ നിന്ന് സ്വർണ്ണാഭരണങ്ങളുമായി പോവുകയായിരുന്ന ജീവനക്കാരെ ആക്രമിച്ച് 600 ഗ്രാം സ്വർണമാണ് കവർന്നത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണം തട്ടിയെടുത്തെന്നാണ് പരാതി. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വെള്ളം കുടിക്കാനായി ഒരു കടക്ക് മുന്നിൽ ബൈക്ക് നിർത്തി ഒരാൾ കടയിലേക്ക് പോയിരുന്നു. അപ്പോഴാണ് രണ്ടാമനെ ആക്രമിച്ച് സ്വർണം കവർന്നത് എന്നായിരുന്നു പറഞ്ഞത്. തിരൂർക്കാട് സ്വദേശി ശിവേഷ് , ചാപ്പനങ്ങടി സ്വദേശി സുകുമാരൻ എന്നിവരെയാണ് ആക്രമിച്ചത്. ശനിയാഴ്ച 7 മണിയോടെയായിരുന്നു സംഭവം.















