മുംബൈ: ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കി മുംബൈ ഇന്ത്യൻസ് വനിതാ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഫൈനലിൽ ഡൽഹിയെ എട്ട് റൺസിന് തോൽപ്പിച്ചാണ് മുംബൈ രണ്ടാം കിരീടം നേടിയത്. അതേസമയം മൂന്നാം ഫിനാലെയിലും ഡൽഹി തോൽവിയോടെ മടങ്ങി. 150 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് നേടാനേ കഴിഞ്ഞുള്ളു.
14 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്‌ടമായ ടീമിനെ ഉജ്ജ്വല ബാറ്റിങ്ങിലൂടെ തിരിച്ചുകൊണ്ടുവന്നു മുംബൈയുടെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് (44 പന്തിൽ 66) കളിയിലെ താരം. 523 റൺസും 12 വിക്കറ്റുകളും നേടിയ മുംബൈയുടെ നാറ്റ് സ്കിവർ ബ്രണ്ട് ടൂർണമെന്റിലെ താരമായി. WPL ൽ രണ്ട കിരീടം നേടുന്ന ആദ്യ ടീമാണ് മുംബൈ.
എന്നാൽ തുടക്കത്തിൽ പതറിയെങ്കിലും വിജയത്തിന് തൊട്ടരികെയെത്തിയാണ് ഡൽഹി തോൽവി വഴങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് രണ്ടാം ഓവറിന്റെ അവസാന പന്തിൽ ക്യാപ്റ്റൻ മെഗ് ലാന്നിംഗിന്റെ (13 ) വിക്കറ്റ് നഷ്ടമായി. നാറ്റ് സ്കിവറിന്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. അടുത്ത ഓവറിൽ ഷെഫാലി വർമയും (4) മടങ്ങിയതോടെ ഡൽഹി പതറി. ജെസ് ജൊനാസൻ (13), ജെമീമ റോഡ്രിഗസ്(30), അന്നബെൽ സതർലൻഡ് (2) എന്നിവരും പുറത്തായതോടെ കളി മുംബൈക്ക് അനുകൂലമായി മാറി. എന്നാൽ ആറാമതെത്തിയ മാരിസൻ കാപ്പ് (40) ഡൽഹിക്ക് പ്രതീക്ഷ നൽകിയെങ്കിലും 18-ാംഓവറിൽ നാറ്റ് സ്കിവറിന്റെ പന്തിൽ പുറത്തായി. നാറ്റ് സ്കിവർ മൂന്നും അമേലിയ രണ്ടും വിക്കറ്റ് നേടി.















