ന്യൂഡൽഹി: മിസോറാമിലെ ഐസ്വാളിൽ വന്ദേമാതരം ആലപിച്ച് ആളുകളെ അത്ഭുതപ്പെടുത്തിയ ഏഴ് വയസ്സുകാരി എസ്തർ ലാൽദുഹാമി ഹ്നാംതെയെ “അത്ഭുത കുട്ടി” എന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാന സന്ദർശനവേളയിൽ അദ്ദേഹം ബാലികയ്‌ക്ക് ഒരു ഗിറ്റാർ സമ്മാനമായി നൽകി. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു.
പെൺകുട്ടിയുടെ പ്രകടനത്തെ അസാധ്യമെന്നു പ്രശംസിച്ച അദ്ദേഹം ഭാരതമാതാവിനോടുള്ള സ്നേഹം എസ്തറിന്റെ പാട്ടിലെ ഓരോ സ്വരത്തിലും നിറഞ്ഞു നിൽക്കുന്നുവെന്ന് കുറിച്ചു.
“ഭാരതത്തോടുള്ള സ്നേഹം നമ്മളെയെല്ലാം ഒന്നിപ്പിക്കുന്നു. ഇന്ന് ഐസ്വാളിൽ മിസോറാമിന്റെ അത്ഭുത ബാലിക എസ്തർ ലാൽദുഹാമി ഹ്നാംതെ വന്ദേമാതരം ആലപിക്കുന്നത് കേട്ടപ്പോൾ ഞാൻ വളരെ വികാരാധീനയായി. ഏഴുവയസ്സുകാരിയുടെ ഭാരതമാതാവിനോടുള്ള സ്നേഹം അവളുടെ പാട്ടിൽ നിറഞ്ഞുനിന്നു, അത് കേൾക്കുന്നത് ഒരു മനോഹരമായ അനുഭവമാക്കി മാറ്റി,” ആഭ്യന്തരമന്ത്രി എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
ശോഭനമായ ഭാവി ആശംസിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അവളക്ക് ഒരു പുതിയ ഗിറ്റാർ സമ്മാനിച്ചു. അമിത് ഷാ സമ്മാനം കൈമാറുന്നതിന്റെയും യുവ പ്രതിഭയുമായി സംവദിക്കുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. 2020-ൽ “മാ തുജെ സലാം” എന്ന ഗാനത്തിന്റെ ആലാപനം വൈറലായതോടെയാണ് ഹ്നാംതെ ആദ്യമായി ദേശീയ ശ്രദ്ധ നേടുന്നത്.