നെഞ്ചുവേദനയെ തുടർന്ന് സംഗീതജ്ഞൻ എആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം പുറത്തുവന്നതോടെ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് സൈറ ബാനു. ആരോഗ്യനില വീണ്ടെടുത്ത റഹ്മാൻ ആശുപത്രി വിട്ടെങ്കിലും സോഷ്യൽമീഡിയയിൽ സൈറ ബാനുവിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിട്ടൊഴിയുന്നില്ല. റഹ്മാനുമായി വേർപിരിഞ്ഞെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതോടെയായിരുന്നു സൈറ ബാനു അടുത്തിടെ ചർച്ചയായത്. ഇപ്പോൾ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആരാധകർ അന്വേഷിച്ചത് ‘മുൻ-ഭാര്യ’ (Ex-Wife) സൈറ ബാനു എവിടെയെന്ന് ആയിരുന്നു. മുൻ ഭാര്യയെന്ന വിശേഷണം വ്യാപകമായപ്പോൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സൈറ.
റഹ്മാന്റെ ‘മുൻ ഭാര്യ’യെന്ന് തന്നെ വിശേഷിപ്പിക്കരുതെന്ന് സൈറ ബാനു ആവശ്യപ്പെട്ടു. ഇരുവരും വേർപിരിഞ്ഞെങ്കിലും ഇതുവരെയും വിവാഹമോചിതരായിട്ടില്ലെന്നും സൈറ ഓർമിപ്പിച്ചു. അതിനാൽ ‘മുൻ-ഭാര്യ’ എന്ന് വിശേഷിപ്പിക്കരുതെന്നാണ് സൈറയുടെ അഭ്യർത്ഥന. തന്റെ മോശം ആരോഗ്യനില കാരണമാണ് തങ്ങൾ വേർപിരിഞ്ഞ് താമസിക്കുന്നതെന്നും അവർ ആവർത്തിച്ചു.
അസുഖബാധിതനായ റഹ്മാന് കൂടുതൽ സമ്മർദ്ദം ചെലുത്തുന്ന വിധമുള്ള ഇടപെടലുകൾ ദയവായി ഒഴിവാക്കണമെന്നും എത്രയും വേഗം അദ്ദേഹത്തിന് സുഖം പ്രാപിക്കട്ടെയെന്നും സൈറ ബാനു പറഞ്ഞു.
1995ലാണ് റഹ്മാനും സൈറയും വിവാഹിതരായത്. ഖതീജ, റഹീമ, അമീൻ എന്നീ മൂന്ന് മക്കൾ ഇരുവർക്കുമുണ്ട്. 2024 നവംബറിൽ സൈറ ബാനു ആയിരുന്നു റഹ്മാനിൽ നിന്ന് വേർപിരിയിൽ പ്രഖ്യാപിച്ചത്. സൈറയുടെ അഭിഭാഷക വന്ദന ഷാ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിരുന്നു.