ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ചാമ്പ്യൻ ട്രോഫി വേളയിൽ റംസാൻ വ്രതം അനുഷ്ഠിക്കാത്തതിനെ കുറ്റപ്പെടുത്തിയ മതപണ്ഡിതൻ വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. ഷമിയുടെ മകൾ ഹോളി ആഘോഷിച്ചതാണ് മതപുരോഹിതനെ പുതുതായി ചൊടിപ്പിച്ചത്.
ഇസ്ലാം മതവിശ്വാസിയായ ഷമി അദ്ദേഹത്തിന്റെ മകളെ ഹോളി ആഘോഷിക്കാൻ അനുവദിക്കുന്നത് ശരിയത്ത് വിരുദ്ധവും മതനിന്ദയുമാണെന്ന് വീഡിയോ സന്ദേശത്തിലൂടെ മതപണ്ഡിതൻ പറഞ്ഞു. അഖിലേന്ത്യ മുസ്ലീം ജമാഅത്ത് അദ്ധ്യക്ഷൻ മൗലാന ഷഹബുദ്ദീൻ റസ്വിയുടേതാണ് വിദ്വേഷ പരാമർശം.
ഷമിയുടെ മകൾ ചെറിയ കുട്ടിയാണ്. ഹോളി എന്താണെന്ന് അറിയാതെയാണ് അവൾ ഹോളി ആഘോഷിക്കുന്നതെങ്കിൽ അതൊരു കുറ്റകൃത്യമല്ല. പക്ഷെ അവൾ പൂർണബോധ്യത്തോടെ, ഹോളി എന്താണെന്ന് മനസിലാക്കിയിട്ടും ആഘോഷിച്ചാൽ അത് ശരിയത്ത് വിരുദ്ധമാണ്. – റസ്വി പറഞ്ഞു.
ഷമിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും നേരത്തെ അഭ്യർത്ഥിച്ചിട്ടുള്ളതാണ്. നിങ്ങളുടെ കുട്ടികൾ ശരിയത്ത് വിരുദ്ധമായത് ചെയ്യാൻ അനുവദിക്കരുത്. ഹിന്ദുക്കൾക്ക് ഹോളി എന്നാൽ വലിയ ആഘോഷമായിരിക്കും. പക്ഷെ മുസ്ലീങ്ങൾ ഹോളി ആഘോഷം ഒഴിവാക്കുക തന്നെ വേണം. ശരിയത്ത് നിയമം മനസിലാക്കിയതിന് ശേഷം ഹോളി ആഘോഷിക്കുന്നത് കുറ്റകൃത്യമാണെന്നും മതപണ്ഡിതൻ ഓർമിപ്പിച്ചു.
അതേസമയം ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കാനും ഇസ്ലാമിക പുരോഹിതൻ മറന്നില്ല. ഇന്ത്യൻ ക്യാപ്റ്റനും എല്ലാ ടീമംഗങ്ങൾക്കും ഷമിക്കും ഹൃദയാഭിവാദ്യങ്ങൾ എന്നായിരുന്നു മതപണ്ഡിതന്റെ പ്രശംസ.
റംസാൻ വ്രതം അനുഷ്ഠിക്കാതിരിക്കുന്ന ഷമിയുടെ നടപടി തെറ്റാണെന്ന് നേരത്തെ ഇദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഏതെങ്കിലും കാരണവശാൽ വ്രതമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ റംസാൻ മാസത്തിന് ശേഷം അത് എടുത്ത് തീർക്കണമെന്നും മതപുരോഹിതൻ ഉപദേശിച്ചു.















