കൊല്ലം കടയ്‌ക്കൽ ദേവീക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ വിപ്ലവഗാനം ആലപിച്ച സംഭവത്തിൽ ന്യായീകരണവുമായി ഗായകൻ അലോഷി ആദം. സംഭവം വിവാദമായതോടെ സദസിലുണ്ടായിരുന്ന കാണികളുടെ തലയിൽ വച്ച് തടിതപ്പാൻ നോക്കുകയാണ് അലോഷി. പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് ഗാനം പാടിയതെന്നും കലാകാരൻ എന്ന നിലയിൽ പ്രേക്ഷകർ ആവശ്യപ്പെടുന്ന പാട്ടുകൾ പാടേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അലോഷി ന്യായീകരിച്ചു.
“എല്ലാ പരിപാടികളിലും ഞാൻ വിപ്ലവഗാനങ്ങൾ പാടാറുണ്ട്. പരിപാടി കണ്ടിട്ടില്ലാത്തവരാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നത്. ക്ഷേത്രഭാരവാഹികളാണ് പരിപാടിക്ക് എന്നെ ക്ഷണിച്ചത്. കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് വിപ്ലവ ഗാനങ്ങൾ പാടിയത്. മെഹബൂബ്, ബാബുരാജ്, പി ഭാസ്കരൻ, വയലാർ തുടങ്ങിയവരുടെ ഗാനങ്ങളും പാടിയിരുന്നു. ശ്രോതാക്കളുടെ താൽപര്യത്തിനുസരിച്ചാണ് പാട്ടുകൾ പാടാറുള്ളതെന്നും” അലോഷി പ്രതികരിച്ചു.
എന്നാൽ, പരിപാടിയിൽ വിപ്ലവഗാനം ആലപിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്ക്രീനിൽ പാർട്ടി പതാക പ്രദർശിപ്പിച്ചത് നിർഭാഗ്യകരമാണെന്നുമായിരുന്നു ക്ഷേത്ര ഉപദേശക സമിതിയുടെ വാദം. അതേസമയം, കഴിഞ്ഞ വർഷവും കടയ്‌ക്കൽ ദേവീ ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ വിപ്ലവഗാനം പാടിയതിന്റെ വീഡിയോ പുറത്തുവന്നു. ഗായിക ഗൗരി ലക്ഷ്മിയുടെ ഗാനമേളയ്‌ക്കിടെയാണ് വിപ്ലവഗാനം പാടിയത്. “ബലികുടീരങ്ങളെ…” എന്ന പാട്ട് പാടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ വെട്ടിലായിരിക്കുകയാണ് ക്ഷേത്ര ഉപദേശകസമിതി.















