കോഴിക്കോട്: കനത്ത മഴയ്‌ക്കിടെ ഓടയിൽ വീണ് കാണാതായ ശശിയുടെ (60) മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു കോഴിക്കോട് കോവൂരിലുള്ള തോട്ടിൽ ശശി വീണത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഒന്നര കിലോമീറ്ററോളം അകലെയുള്ള പാലാഴിയിൽ നിന്ന് ശശിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 11 മണിക്കൂർ നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം ലഭിച്ചത്. അധികൃതരുടെ അനാസ്ഥ കാരണമാണ് ശശിയെ രക്ഷപ്പെടുത്താൻ കഴിയാതെ പോയതെന്ന് നാട്ടുകാർ പ്രതികരിച്ചു.
പാലാഴി സ്വദേശിയായ ശശി ഞായറാഴ്ച രാത്രി ബസ് സ്റ്റോപ്പിൽ ഇരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴ കാരണം ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നതായിരുന്നു ശശിയും സുഹൃത്തും. അതിനിടെ കാൽവഴുതി ഓടയിലേക്ക് വീണു. ശക്തമായ മഴ പെയ്തിരുന്നതിനാൽ റോഡിന് സമീപമുള്ള തോട് നിറഞ്ഞൊഴുകുകയായിരുന്നു. ഇതിലേക്കാണ് ശശി വീണത്. ഉടൻ തന്നെ അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചെങ്കിലും 60-കാരനെ ജീവനോടെ കണ്ടെത്താനായില്ല.
ഓടയ്‌ക്ക് മൂന്ന് കിലോമീറ്ററോളം ദൂരം കൈവരിയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ക്ഷണിച്ചുവരുത്തിയ അപകടമാണിതെന്നും നാട്ടുകാർ പറഞ്ഞു.















