കൊച്ചി: കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ മൂന്നാം വർഷ വിദ്യാർത്ഥി അനുരാജിനെ വിശദമായി ചോദ്യം ചെയ്ത് പൊലീസ്. കഴിഞ്ഞ ആറുമാസമായി ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പനയുണ്ടെന്നും 16,000 രൂപ ഇടനിലക്കാർക്ക് നൽകിയാണ് കഞ്ചാവ് എത്തിച്ചതെന്നും അനുരാജ് വെളിപ്പെടുത്തി.
ഹോസ്റ്റലിൽ റെയ്ഡ് നടന്ന ദിവസം അറസ്റ്റിലായ ആകാശിൽ നിന്നാണ് പൂർവ വിദ്യാർത്ഥികളുടെ പങ്ക് പൊലീസിന് വ്യക്തമായത്. തുടർന്ന് ആഷിഖ്, ഷാരിക് എന്നീ പൂർവ വിദ്യാർത്ഥികളെ പൊലീസ് പിടികൂടി. ഇവരായിരുന്നു ഡിമാൻഡിന് അനുസരിച്ച് ഹോസ്റ്റലിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തിച്ചിരുന്നത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ അനുരാജിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഒളിവിലായിരുന്ന അനുരാജിനെ പൊലീസ് കൊല്ലത്ത് നിന്ന് പിടികൂടി. കരുനാഗപ്പള്ളി സ്വദേശിയാണ് അനുരാജ്.
ആറുമാസം മുൻപാണ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപന തകൃതിയാകുന്നതെന്നും സെം ഒട്ട് ആയ ആഷിഖും ഷാരിക്കുമാണ് ആവശ്യപ്രകാരം കഞ്ചാവ് എത്തിച്ചിരുന്നതെന്നും അറസ്റ്റിലായ അനുരാജ് വ്യക്തമാക്കി. ഇതിനോടകം ഏഴ് തവണ ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചുവെന്നും അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. പണമിടപാടുകൾ യുപിഐ വഴിയായിരുന്നു. അതിനാൽ അറസ്റ്റിലായവരുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പൊലീസ് തേടിയിട്ടുണ്ട്. ഇതുവഴി കഞ്ചാവ് വാങ്ങിയ ഓരോരുത്തരേയും കണ്ടെത്താനാണ് പൊലീസ് നീക്കം.
അതേസമയം കഞ്ചാവ് എത്തിച്ചിരുന്ന ആഷിഖിനും ഷാലിക്കിനും ഇതരസംസ്ഥാനക്കാരനാണ് കഞ്ചാവ് കൈമാറിയിരുന്നതെന്നാണ് മൊഴി. ഇക്കാര്യവും പൊലീസ് പരിശോധിക്കും. ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയെന്ന വാർത്ത പുറത്തുവന്നതോടെ ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.