അമൃത്സറിൽ ക്ഷേത്രത്തിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് പഞ്ചാബ് പൊലീസുമായി ഏറ്റുമുട്ടലിൽ പ്രതികളിലൊരാളായ ഗുർസിദക് സിംഗിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഗുർസിദക്കിന് ഒപ്പമുണ്ടായിരുന്ന വിശാൽ എന്നയാൾ ഏറ്റുമുട്ടലിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞെന്നാണ് വിവരം.
അമൃത്സറിലെ രാജസൻസി ഏരിയയിൽ ഗുർസിദക് ഉണ്ടെന്ന് പൊലീസിന് ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നു. തിരച്ചിലിനൊടുവിൽ ഗുർസിദക് സിംഗിനെയും വിശാലിനെയും പൊലീസ് കണ്ടെത്തി. ഇരുവരും മോട്ടോർസൈക്കിളിൽ പോവുകയായിരുന്നു. പൊലീസ് ഇവരുടെ വാഹനം തടഞ്ഞതോടെ പ്രതികൾ വെടിയുതിർത്തു. ഹെഡ് കോൺസ്റ്റബിൾ ഗുർപ്രീത് സിംഗിന്റെ ഇടതുകൈയിൽ വെടിയേറ്റു. ഇൻസ്പെക്ടർ അമോലക് സിംഗിനും പരിക്കേറ്റു. പൊലീസ് വാഹനത്തെയും പ്രതികൾ വെടിവച്ച് തകർത്തു.
പ്രതിരോധിക്കാനായി പ്രതികൾക്ക് നേരെ ഇൻസ്പെക്ടർ അമോലോക് സിംഗ് വെടിയുതിർത്തു. ഗുർസിദക്കിന് പരിക്കേൽക്കുകയും ചെയ്തു. വെടികൊണ്ട പ്രതിയേയും പരിക്കേറ്റ പൊലീസുകാരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുർസിദക് മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിശാലിനായി തിരച്ചിലിലാണ് പൊലീസ്.
മാർച്ച് 15ന് പുലർച്ചെയായിരുന്നു അമൃത്സറിലെ ഖന്ദ്വാല മേഖലയിലുള്ള താകൂർദ്വാര ക്ഷേത്രത്തിന് നേർക്ക് ഗ്രനേഡ് ആക്രമണം ഉണ്ടായത്. മോട്ടോർസൈക്കിളിൽ എത്തിയ രണ്ടുപേർ ആണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. തുടർന്ന് നടത്തിയ പരിശോധനയും തിരച്ചിലുമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.















