ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ ചത്തതായി റിപ്പോർട്ട്. വലയിലാക്കാൻ എത്തിയ ദൗത്യ സംഘം മയക്കുവെടി വെക്കുന്നതിനിടെ പാഞ്ഞടുത്തിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ചാടിവീണ കടുവയെ സ്വയരക്ഷയുടെ ഭാഗമായി വെടിവെക്കുകയായിരുന്നു ദൗത്യസംഘം. ഇതോടെ കടുവ ചത്തുവീഴുകയായിരുന്നു.
ഏറെ പണിപ്പെട്ടായിരുന്നു മയക്കുവെടി വെക്കാനുള്ള ദൂരപരിധിയിൽ കടുവയെ ലഭിച്ചത്. തുടർന്ന് ദൗത്യസംഘം മയക്കുവെടി ഉതിർക്കുകയും ചെയ്തു. എന്നാൽ മയങ്ങിവീഴാൻ ഇനിയും സമയം ആവശ്യമാണെന്നിരിക്കെ ദൗത്യസംഘത്തിന് നേരെ ആക്രമിക്കുകയായിരുന്നു കടുവ. ഇതോടെ വെടിവെക്കേണ്ടി വരികയായിരുന്നു. കടുവയുടെ ആക്രമണത്തിൽ ദൗത്യസംഘത്തിലെ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
കടുവ ചത്തുവീണതിന് പിന്നാലെ ഇതിനെ ചാക്കിലാക്കി തേക്കടിയിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് ശേഷമാണ് കടുവ ചത്തുവെന്ന വാർത്ത വനംവകുപ്പ് ഉദ്യോഗസ്ഥർ പുറത്തുവിട്ടത്. നിലവിൽ തേക്കടിയിലുള്ള കടുവയുടെ പോസ്റ്റ്മോർട്ടം ഉടനുണ്ടാകുമെന്ന് ഡിഎഫ്ഒ അറിയിച്ചു.















