മൂന്ന് മണിക്കൂർ നീണ്ട സുദീർഘ സംഭാഷണം!! ലെക്സ് ഫ്രീഡ്മാന്റെ പോഡ്കാസ്റ്റിൽ പ്രധാനമന്ത്രിയെത്തിയപ്പോൾ നിരവധി കാര്യങ്ങളായിരുന്നു അവിടെ ചർച്ചയായത്. മോദിയുടെ വ്യക്തിജീവിതം മുതൽ പ്രധാനമന്ത്രി പദം വരെയുള്ള സംഭവങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി പോഡ്കാസ്റ്റിലിടം നേടി. അതിലൊന്നായിരുന്നു ഗോധ്രാ കലാപവും 2002ലെ നീണ്ട സംഘർഷങ്ങളും.
ഗുജറാത്തിൽ നടന്ന കലാപങ്ങളിൽ ഏറ്റവും വലുത് ഗോധ്രാനന്തര കലാപമാണെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന വ്യാഖ്യാനങ്ങൾ അക്കാലത്ത് സൃഷ്ടിക്കപ്പെട്ടിരുന്നതായി നരേന്ദ്രമോദി പറഞ്ഞു. യഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെയായിരുന്നു പ്രചരിപ്പിക്കപ്പെട്ട കാര്യങ്ങൾ. താൻ ചിത്രത്തിലെത്തുന്നതിനും കാലങ്ങൾക്ക് മുൻപേ ആരംഭിച്ചതാണ് ഗുജറാത്തിലെ സംഘർഷങ്ങളുടെ ചരിത്രം. എല്ലാ വർഷവും കലാപങ്ങൾ സംഭവിച്ചിരുന്ന നാടായിരുന്നു അത്. പക്ഷെ 2002ന് ശേഷം അവിടെ ഒരൊറ്റ വർഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്നും നരേന്ദ്രമോദി ഓർമിപ്പിച്ചു.
2002-ന് മുൻപുള്ള ഡാറ്റ പരിശോധിച്ചാൽ നിരന്തരം കലാപങ്ങളെ നേരിട്ടുകൊണ്ടിരുന്ന സംസ്ഥാനമാണ് ഗുജറാത്തെന്ന് മനസിലാക്കാൻ കഴിയും. നാട്ടിൽ എവിടെയെങ്കിലുമൊക്കെ എപ്പോഴും കർഫ്യൂ ഉണ്ടായിരിക്കും. സൈക്കിൾ തമ്മിൽ കൂട്ടിയിടിച്ചാൽ, പട്ടം പറപ്പിക്കൽ മത്സരമുണ്ടായാൽ, തുടങ്ങി നിസ്സാര വിഷയങ്ങളുടെ പേരിൽ വർഗീയ സംഘർഷങ്ങൾ ഉടലെടുക്കുമായിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്റെ രാഷ്‌ട്രീയ എതിരാളികളായിരുന്നു കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്നത്. എല്ലാ ആരോപണവും തങ്ങളുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം സ്വാഭാവികമായിട്ടും നടന്നു. തങ്ങൾ ശിക്ഷിച്ചുകാണണമെന്ന് അവർ ആഗ്രഹിച്ചു. പക്ഷെ നീതിന്യായ വ്യവസ്ഥ നടന്ന സംഭവങ്ങളെ വ്യക്തമായി അപഗ്രഥിച്ചു. സ്ഥിതിഗതികൾ രണ്ടുതവണ സൂക്ഷ്മമായി വിലയിരുത്തിയ കോടതി തങ്ങൾ നിരപരാധികളാണെന്ന് കണ്ടെത്തി. – നരേന്ദ്രമോദി പറഞ്ഞു.
2002ലെ സംഘർഷങ്ങളിലേക്ക് വഴിവച്ച ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവത്തെക്കുറിച്ചും പ്രധാനമന്ത്രി അനുസ്മരിച്ചു. അങ്ങേയറ്റം അസ്ഥിരമായ കാലഘട്ടത്തിൽ, സങ്കൽപ്പിക്കാൻ പോലുമാകാത്ത ആഴത്തിലുള്ള ദുരന്തമായിരുന്നു അത്. ആളുകൾ ജീവനോടെ കത്തിയെരിഞ്ഞു. കാണ്ഡഹാർ വിമാന റാഞ്ചൽ, പാർലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം എന്നിവയ്‌ക്ക് പിന്നാലെയാണ് ഇത്തരമൊരു സംഭവം കൂടിയുണ്ടാകുന്നത്. എത്രമാത്രം സങ്കീർണവും ആശങ്കാജനകവുമായ സാഹചര്യമായിരുന്നു അതെന്ന് ഊഹിക്കാം. ഗുജറാത്ത് നിയമസഭയിലേക്ക് താൻ തിരഞ്ഞെടുക്കപ്പെട്ട് മൂന്നാം ദിനമാണ് സംഘർഷമാരംഭിക്കുന്നത്. കലാപത്തിന് പിന്നാലെ ഗുജറാത്തിനെ അടിമുടി പിടിച്ചുകുലുക്കിയ ഭൂകമ്പം നാടിന് വരുത്തിവച്ച വിനാശങ്ങളിൽ നിന്ന് ഇന്നും ജനങ്ങൾ മുക്തിനേടിയിട്ടില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.