തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും, അവകാശങ്ങളും നിഷേധിക്കുന്ന സംസ്ഥാന സർക്കാരിന്റെ ദ്രോഹ നടപടികൾക്ക് കൂട്ട്നിന്ന് ജീവനക്കാരെ അവഗണിക്കുന്ന ഇടതു സർവീസ് സംഘടനകളുടെ അമിത രാഷ്‌ട്രീയ വിധേയത്വവും, അടിമത്ത മനോഭാവവും അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ. സംഘ്. സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റ സാഹചര്യത്തിൽ പോലും 2024 ജൂലൈ മുതൽ നടപ്പിലാക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണവും, ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും തടഞ്ഞുവയ്‌ക്കുകയും, പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിക്കുകയും ചെയ്യുന്ന ഇടതുമുന്നണി സർക്കാരിന്റെ വഞ്ചനാപരമായ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം അനിവാര്യമാണ്, സർവീസ് മേഖലയുടെ നിലനിൽപ്പിനു വേണ്ടിയുള്ള യോജിച്ച പ്രക്ഷോഭത്തിന് ഭരണാനുകൂല സംഘടനകൾ തയ്യാറാകണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു. നെയ്യാറ്റിൻകര ടൗൺഹാളിൽ വച്ച് നടന്ന കേരള എൻ. ജി. ഒ. സംഘ് തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സന്തോഷ് അമ്പലത്തലയ്‌ക്കൽ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ്, ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കം പാലമൂട് ബിജു, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് അജയ് കെ. നായർ, കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് അനിൽ ഡി.ആർ. കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി കൊണ്ണിയൂർ ഹരി, ടീച്ചേഴ്സ് സെൽ ജില്ലാ കൺവീനർ എം. എം. ആദർശ് എൻ. ജി. ഒ. സംഘ് സംസ്ഥാന സെക്രട്ടറി എസ്. വിനോദ് കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപ് പുള്ളിത്തല, നോർത്ത് ജില്ലാ പ്രസിഡന്റ് ജി. ഹരികുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എസ് സന്തോഷ് കുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ. ജയശ്രീ നന്ദിയും പറഞ്ഞു.
സംസ്ഥാന സമിതി അംഗം പാക്കോട് ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ബി.ജെ.പി. സംസ്ഥാന സമിതി അംഗം ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. സനാതന ധർമ്മ സൂഫി പ്രചാരകൻ സലാം മുസലിയാർ മാന്നാർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന സുഹൃത്ത് സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വികെ വിനോദ് അധ്യക്ഷത വഹിച്ചു. ആർ. ആർ. കെ. എം. എസ്. അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ. എസ്. ടി. എംപ്ലോയീസ് സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ് വി. നായർ, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് ജില്ലാ സെക്രട്ടറി ജി. അനിൽ കുളപ്പട എന്നിവർ ആശംസകൾ അർപ്പിച്ചു. സമാപന സമ്മേളനത്തിൽ ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്. കെ. ജയകുമാർ സമാപന പ്രസംഗം നടത്തി.