ന്യൂഡൽഹി: പാക് സ്പോൺസേർഡ് അക്രമണങ്ങളെ “ഇസ്ലാമിക ഭീകരത”എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ നാഷണൽ ഇൻറലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ്. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് യുഎസ് നിലപാട് വ്യക്തമാക്കിയത്.
ഇസ്ലാമിക ഭീകരത ഇന്ത്യയെയും അമേരിക്കയെയും സിറിയയും ഇസ്രായേലും അടക്കം മിഡിൽ ഈസ്റ്റ് രാജ്യങ്ങളെയും ഒരുപോലെ ബാധിച്ച ഭീഷണിയാണ്. ഇതിനെ ചെറുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റെ ഡോണൾഡ് ട്രംപും സഹകരിച്ച് പ്രവർത്തിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന പാക് സ്പോൺസേർഡ് അക്രമണങ്ങളെ ട്രംപ് ഭരണകൂടം എങ്ങനെ കാണുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
ഹിന്ദു ധർമ്മത്തെ കുറിച്ചും തുൾസി ഗബാർഡ് അഭിമുഖത്തിൽ വാചാലയായി. ഈശ്വരനുമായുള്ള വ്യക്തിപരമായ ബന്ധമാണ് എന്റെ ജീവിതത്തിന്റെ കേന്ദ്രം. എല്ലാം ദിവസവും ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കും. അതിന് ഏറ്റവും നല്ല മാർഗം സേവനമാണ്. വിവിധ യുദ്ധമേഖലകളിലും വെല്ലുവിളി നിറഞ്ഞ പരിതസ്ഥിയിലും ജോലി ചെയ്യേണ്ടിവരാറുണ്ട്. ആ സമയത്ത് ഭഗവദ്ഗീതയിൽ അർജുനന് കൃഷ്ണൻ നൽകിയ ഉപദേശങ്ങളാണ് ആശ്രയിക്കുന്നത്. അത് എനിക്ക് ശക്തി നൽകുന്നു, സമാധാനം നൽകുന്നു, വലിയ ആശ്വാസം നൽകുന്നു”, തുൾസി ഗബാർഡ് കൂട്ടിച്ചേർത്തു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്ലുമായും അമേരിക്കൻ തുൾസി ഗബാർഡുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ആഗോള ഭീകരത, ഇന്ത്യ- അമേരിക്ക ബന്ധം എന്നിവ പ്രധാന ചർച്ച വിഷയമായി. ദ്വിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് തുൾസി ഗബാർഡ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണ പ്രകാരം റെയിസിന ഉച്ചകോടിയിൽ പങ്കെടുക്കുന്ന അവർ നാളെ ഉച്ചകോടിയെ അഭിസംബോധന ചെയ്യും.















