ന്യൂഡൽഹി: ഭാരതത്തിന്റെ സ്വപ്നദൗത്യത്തിന് ഔദ്യോഗിക തുടക്കം. ചന്ദ്രയാൻ 5-ന് അംഗീകാരം ലഭിച്ചതായി ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ അറിയിച്ചു. ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ച് വിശദമായി പഠിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. 2035-ഓടെയായിരിക്കും വിക്ഷേപണം നടക്കുക.
250 കിലോഗ്രാം ഭാരമുള്ള റോവർ ചന്ദ്രോപരിതലത്തിലേക്ക് കൊണ്ടുപോകും. ഇസ്രോയുടെ അഞ്ചാമത്തെ ചന്ദ്രയാൻ ദൗത്യമാണിത്. ജപ്പാനുമായി സഹകരിച്ചാണ് പുതിയ ദൗത്യത്തിന് ഇസ്രോ തയാറെടുക്കുന്നത്. ചന്ദ്രയാൻ-3 ദൗത്യത്തിൽ 25 കിലോഗ്രാം ഭാരമുള്ള റോവറാണ് ഉണ്ടായിരുന്നെങ്കിൽ അഞ്ചാമത്തെ ദൗത്യത്തിൽ 250 കിലോഗ്രാം ഭാരമുള്ള റോവർ ഉപയോഗിക്കുമെന്നതാണ് സവിശേഷത.
44 ബില്യൺ ഡോളർ മുതൽമുടക്കിലാണ് വിക്ഷേപണം. ചന്ദ്രയാൻ-6 വിക്ഷേപണത്തിനും ഇസ്രോ പദ്ധതിയിടുന്നുണ്ട്. ഇതുകൂടാതെ ഗഗൻയാൻ ദൗത്യം, ശുക്രയാൻ ദൗത്യം എന്നിവയ്‌ക്കും ഇസ്രോ തയാറെടുക്കുകയാണ്.
2008-ലായിരുന്നു ചന്ദ്രയാന്റെ ആദ്യ വിക്ഷേപണം. പിന്നീട് 2019-ലെ ചന്ദ്രയാൻ-2 ദൗത്യം അതിന്റെ അവസാനഘട്ട വിക്ഷേപണത്തിൽ വെല്ലുവിളികൾ നേരിട്ടിരുന്നു. 2023 ഓഗസ്റ്റ് 23-ലെ ചന്ദ്രയാൻ-3 ദൗത്യം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വിജയകരമായി പൂർത്തിയാക്കിയിരുന്നു. 2027-ഓടെയാണ് ചന്ദ്രയാൻ -4 വിക്ഷേപിക്കുക.















