അവസരം കിട്ടാൻവേണ്ടി പെൺമക്കളെ ഒരു രാത്രി ലൊക്കേഷനിൽ നിർത്താമെന്ന് പറയുന്ന അമ്മമാർ വരെ ഇവിടെയുണ്ടെന്ന് തുറന്നുപറഞ്ഞ് ശ്രുതി രജനീകാന്ത്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരുപാട് കേസുകളുണ്ടെന്നും തെളിവുകൾ വരെ തന്റെ പക്കലുണ്ടെന്നും ശ്രുതി പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
“ആണുങ്ങളെ മാത്രം കുറ്റം പറയാൻ കഴിയില്ല. പെൺകുട്ടികളുടെ അമ്മമാർ തന്നെ ഇതിനായി മുന്നിട്ടിറങ്ങാറുണ്ട്. ഒരു രാത്രി മകളെ ഇവിടെ നിർത്തിയിട്ട് പോകാം. അവർക്ക് അവസരം കൊടുത്താൽ മതിയെന്നൊക്കെ പറയുന്ന അമ്മമാർ ഇവിടെയുണ്ട്. എനിക്ക് വ്യക്തമായി അറിയാവുന്ന സംഭവങ്ങളുണ്ട്. അങ്ങനെ ചെയ്തിട്ടും അവർക്ക് അവസരം കൊടുക്കാത്ത പല കേസുകളും എനിക്കറിയാം. അതിന്റെ എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. പക്ഷേ, ഇതിനെ കുറച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴികൊടുത്തിട്ടുള്ള വ്യക്തി ഞാനല്ല”.
വളരെ മോശം അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. അന്ന് ഉച്ചത്തിൽ വിളിച്ചതുകൊണ്ട് മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്. എല്ലാത്തിനും ആണുങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. സ്ത്രീകൾ കൂടി വിചാരിക്കണം. അങ്ങോട്ട് പോയി താൻ ഓക്കെയാണെന്ന് പറയുന്ന സ്ത്രീകളുമുണ്ടെന്നും ശ്രുതി പറഞ്ഞു.