ബെംഗളൂരു: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടി രണ്യ റാവുവിന്റെ ഭർത്താവ് ജതിൻ ഹുക്കേരി നൽകിയ മൊഴിയുടെ പകർപ്പ് കോടതിയിൽ സമർപ്പിച്ചു. ഒരു മാസം മാത്രമാണ് തങ്ങൾ ഭാര്യാഭർത്തക്കന്മാരായി ജീവിച്ചതെന്നും രണ്യയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും തനിക്ക് അറിയില്ലെന്നും ഭർത്താവ് ജതിൻ ഹുക്കേരി പറഞ്ഞു. ജതിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
നവംബറിൽ വിവാഹിതരായെന്നും എന്നാൽ ചില പ്രശ്നങ്ങളെ തുടർന്ന് ഡിസംബറിൽ വിവാഹമോചിതരായെന്നും ജതിൻ കോടതിയെ അറിയിച്ചു. രണ്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി ജതിൻ കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് വാദം നടന്നത്.
ജതിനെ അറസ്റ്റ് ചെയ്യരുതെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ ജതിന് പങ്കുണ്ടെന്ന നിഗമനത്തിലായിരുന്നു അന്വേഷണസംഘം. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.