ന്യൂഡൽഹി: ആധാർ കാർഡും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾക്കായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യനേഷ് കുമാർ വിളിച്ചുചേർത്ത നിർണായക യോഗം ഇന്ന് നടക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നിയമനിർമാണ സെക്രട്ടറി, യുണീക് ഐഡന്റിഫിക്കേഷൻ സിഇഒ എന്നിവർ യോഗത്തിൽ പങ്കെടുക്കും. പല സംസ്ഥാനങ്ങളിലും വോട്ടർ നമ്പറിൽ ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിച്ചാൽ വോട്ടർ നമ്പർ ഇരട്ടിപ്പിന് പരിഹാരം കണ്ടെത്താൻ കഴിയും. ആധാർ പദ്ധതി നടപ്പാക്കുന്ന യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ, നിയമമന്ത്രാലയം എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ യോഗം വിളിച്ചുചേർത്തത്.
യോഗത്തിന് മുന്നോടിയായി ഗ്യനേഷ് കുമാർ, കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായും നിയമസഭാ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ 25 വർഷമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് യോഗം ചേരുന്നത്. 2015 മുതൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കാര്യക്ഷമത, വിശ്വാസ്യത എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് കമ്മീഷണറായി അധികാരമേറ്റ് ഒരു മാസത്തിനുള്ളിലാണ് ഗ്യനേഷ് കുമാറിന്റെ നിർണായക നീക്കം. ബൂത്ത് ലെവൽ ഏജന്റുമാർ, പോളിംഗ് ഏജന്റുമാർ, കൗണ്ടിംഗ് ഏജന്റുമാർ, തെരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവരുൾപ്പെടെ ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കുന്നവർക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക പരിശീലന പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.