മുംബൈ: ഛത്രപതി സംഭാജിനഗറിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എല്ലാവരും ശാന്തരാകണമെന്നും നിയമം കയ്യിലെടുക്കരുതെന്നും ദേവേന്ദ്ര ഫഡ്നാവിസ് നിർദേശിച്ചു.
“സമാധാനത്തോടെ ജീവിക്കുന്ന ആളുകളുള്ള നഗരമാണ് നാഗ്പൂർ. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ആരും വിശ്വസിക്കരുത്. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്. സമാധാനം പാലിക്കണം. നിയമം കയ്യിലെടുക്കാൻ ശ്രമിക്കരുത്. സർക്കാരുമായി സഹകരിക്കണമെന്ന് എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നുവെന്നും” മുഖ്യമന്ത്രി പറഞ്ഞു.
ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. ‘അള്ളാഹു അക്ബാർ’ എന്ന മുദ്രാവാക്യം വിളിച്ചെത്തിയ സംഘമാണ് സംഘടിത ആക്രമണം നടത്തിയത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
അജ്ഞാതസംഘം സംഘടിതമായി ആക്രമിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നും മുഖ്യമന്ത്രിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും ബിജെപി എം പി അനിൽ ബോണ്ടെ പറഞ്ഞു.















