ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 30ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തും. ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവതിനൊപ്പം പ്രധാനമന്ത്രി വേദി പങ്കിടും.
വർഷപ്രതിപദ ആഘോഷങ്ങളുടെ ഭാഗമായാണ് നരേന്ദ്രമോദി നാഗ്പൂരിൽ എത്തുന്നത്. ആർഎസ്എസ് നൂറുവർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നാഗ്പൂരിൽ എത്തുന്നത്.
മാർച്ച് 30 ന് നടക്കുന്ന പരിപാടിയിൽ മോദിക്കും ഭഗവതിനും ഒപ്പം മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ആചാര്യ ഗോവിന്ദ് ഗിരി മഹാരാജ്, അവധേശാനന്ദ് മഹാരാജ്, നാഗ്പൂരിന്റെ ഗാർഡിയൻ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ എന്നിവരും വേദിയിൽ പങ്കെടുക്കും.
കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിന് ലക്ഷ്യബോധം പകര്‍ന്നുനല്‍കിയത് ആര്‍എസ്എസ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും പോഡ്കാസ്റ്ററുമായ ലെക്സ് ഫ്രിഡ്മാനുമായുള്ള ദീര്‍ഘസംഭാഷണത്തിലാണ് മോദി ആര്‍.എസ്.എസുമായുള്ള ബന്ധം വിശദീകരിച്ചത്.
ആര്‍എസ്എസില്‍നിന്ന് ജീവിത മൂല്യങ്ങള്‍ പഠിച്ചത് ഭാഗ്യമാണ്, നിസ്വാര്‍ഥമായ സാമൂഹ്യ സേവനം മാര്‍ഗമാക്കിയ മറ്റൊരു പ്രസ്ഥാനവുമില്ല, ആര്‍എസ്എസിന്റെ പ്രവര്‍ത്തനം പഠിച്ചാലെ മഹത്വം മനസിലാക്കാനാവൂ എന്നും മോദി പറഞ്ഞിരുന്നു.















