രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂലിയുടെ ഷൂട്ടിംഗ് പൂർത്തിയായി. വീഡിയോ പങ്കുവച്ചുകൊണ്ട് നിർമാതാക്കളായ സൺ പിക്ചേഴ്സാണ് ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചത്. രജനികാന്തും ലോകേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂലി. സിനിമ ആഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആറ് മാസം നീണ്ട ചിത്രീകരണമാണ് കഴിഞ്ഞദിവസം സമാപിച്ചത്. വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നേരത്തെ ചിത്രത്തിന്റെ ടീസറും കാരക്ടർ പോസ്റ്ററുകളും പുറത്തെത്തിയിരുന്നു. സൗബിൻ ഷാഹിർ, നാഗാർജുന, ശ്രുതി ഹാസൻ, സത്യരാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. കൂടാതെ കൂലിയിൽ ആമിർ ഖാൻ ഉണ്ടെന്ന അഭ്യൂഹവും വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.
രജനികാന്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ആക്ഷൻ എന്റർടെയിൻമെന്റ് ചിത്രത്തിനായി പ്രതീക്ഷയോടെയാണ് തലൈവരുടെ ആരാധകർ കാത്തിരിക്കുന്നത്.















