എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കരുതെന്നും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
മൊഴി നൽകാൻ പ്രത്യേക അന്വേഷണ സംഘം നിർബന്ധിക്കുന്നുവെന്ന പരാതിയിലാണ് കോടതിയുടെ നിർദേശം. മൊഴി നൽകാൻ താത്പര്യമില്ലാത്തവർ ഹൈക്കോടതിയിൽ ഹാജരായി വിവരം അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ മൊഴി നൽകാൻ താത്പര്യമില്ലെന്ന് നിയമാനുസൃതം പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദഅന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇതിനോടകം നിരവധി പേർ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മൊഴി നൽകാൻ ചിലർ വിസമ്മതിക്കുകയായിരുന്നു. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയാണ്.