മിന്നിച്ചേക്കണേ!! ഐപിഎൽ പ്രതീക്ഷയിൽ ലക്‌നൗവിന്റെ അത്ഭുത പേസർ; ബിസിസിഐയുടെ അനുമതികാത്ത് യുവതാരം

Published by
Janam Web Desk

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ തിരിച്ചുവരവിനുള്ള കഠിന പരിശീലനത്തിലാണ് ലക്‌നൗ സൂപ്പർ ജയന്റ്സിന്റെ യുവ പേസർ മായങ്ക് യാദവ്. കഴിഞ്ഞ സീസണിൽ നട്ടെല്ലിന് പരിക്കേറ്റ് പുറത്തായ താരത്തെ കളിപ്പിക്കാൻ  ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറൻസിനായി കാത്തിരിക്കുകയാണ് ടീം.

ഒക്ടോബറിൽ ബംഗ്ലാദേശിനെതിരായ ടി20 ഐ പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചതിന് ശേഷം പരിക്കേറ്റ് പുറത്തായ താരം സുഖം പ്രാപിച്ച ശേഷം ബെംഗളൂരുവിലെ സെന്റർ ഓഫ് എക്‌സലൻസിൽ പരിശീലനത്തിലായിരുന്നു. കഴിഞ്ഞ ദിവസം സപ്പോർട്ട് സ്റ്റാഫിന്റെ നിരീക്ഷണത്തിൽ നെറ്റ്സിൽ ബൗൾ ചെയ്യുന്ന വീഡിയോ മായങ്ക് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. അതേസമയം മായങ്ക് പൂർണമായും ആരോഗ്യവാനാണെങ്കിൽ മാത്രമേ താരത്തിന്റെ തിരിച്ചുവരവ് പരിഗണിക്കുകയുള്ളുവെന്ന് ടീം ഡയറക്ടർ സഹീർഖാൻ പറഞ്ഞു

എന്നാൽ ഈ ഐപിഎൽ സീസണിലെ പകുതി മത്സരങ്ങളും താരത്തിന് നഷ്ടമാകുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ വർഷത്തെ തന്റെ അരങ്ങേറ്റ ഐപിഎൽ സീസണിൽ 150 കിലോമീറ്ററിലധികം വേഗതയിൽ പന്തെറിഞ്ഞ് 22 കാരൻ പേസർ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. നാല് മത്സരങ്ങൾ മാത്രം കളിച്ച മായങ്ക് ഏഴ് വിക്കറ്റുകളും രണ്ട് പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും നേടി. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനെ തുടർന്ന് എൽഎസ്ജി മായങ്കിനെ 11 കോടി രൂപയ്‌ക്ക് ടീമിൽ നിലനിർത്തിയിരുന്നു.

Share
Leave a Comment