കൊച്ചി: കൊല്ലം കടയ്‌ക്കൽ ദേവി ക്ഷേത്രത്തിലെ വിപ്ലവ ഗാനമേളയ്‌ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കടയ്‌ക്കൽ ക്ഷേത്രത്തിൽ നടന്നത് അംഗീകരിക്കാൻ കഴിയാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗാനമേളയുടെ ദൃശ്യങ്ങൾ പരിശോധിച്ചാണ് കോടതി വിലയിരുത്തൽ.
ക്ഷേത്രോത്സവങ്ങളുടെ പവിത്രതയെ കളങ്കപ്പെടുത്തുന്ന ദേവസ്വം ബോർഡിന്റെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്. ഭക്തരുടെ പണമാണ് ധൂർത്തടിച്ച് കളയുന്നത്. ക്ഷേത്രോത്സവങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഭക്തിയുടെ കൂട്ടായ്മ കൂടിയാണ് ഉത്സവങ്ങൾ. സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്‌ക്കുന്നതെന്ന് കോടതി ചോദിച്ചു. ഇത്തരം പരിപാടികൾ കോളേജ് പൊലുള്ള ഇടങ്ങളിൽ ആവാം. ക്ഷേത്രങ്ങൾ ഇത്തരം സംഭവങ്ങൾക്കുള്ളതല്ല. ഇതാദ്യമായല്ലാ ഇത്തരം സംഭവം നടക്കുന്നത്. ചേർത്തലയിലെ ഒരു ക്ഷേത്രത്തിലും സമാന സംഭവം നടന്നിരുന്നു.
ക്ഷേത്രത്തിലെ ലൈറ്റ്- സ്റ്റേജ് അലങ്കാരങ്ങളെയും കോടതി വിമർശിച്ചു. ഭക്തരുടെ കൈയിൽനിന്ന് ശേഖരിക്കുന്ന പണം ഇത്തരം അലങ്കാരങ്ങൾക്ക് ചെലവാക്കാൻ ഉള്ളതല്ല. പണം കൂടുതൽ ഉണ്ടെങ്കിൽ അത് ക്ഷേത്രത്തിൽ വരുന്നവർക്ക് അന്നദാനത്തിനായി ഉപയോഗിക്കണം. അല്ലാതെ ദേവിയ്‌ക്കായി ഭക്തർ നൽകുന്ന പണം ധൂർത്തടിച്ചു കളയാനുള്ളതല്ലെന്നും കോടതി കൂട്ടിച്ചേർത്തു.
പരിപാടി സംഘടിപ്പിച്ചത് ക്ഷേത്ര ഉപദേശക സമിതിയെന്ന ദേവസ്വം ബോർഡിന്റെ നിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി രേഖപ്പെടുത്തി. ഒരാഴ്ചക്കകം സത്യവാങ്മൂലം നൽകാൻ ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടു.
ഒരാഴ്‌ച്ചയ്‌ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അഡീഷണൽ ചീഫ് സെക്രട്ടറിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു.















