ആശുപത്രിയിലെ രോഗികൾക്ക് IV ഡ്രിപ്പ് ബാഗുകൾ ഉപയോഗിച്ച് നൽകുന്ന മരുന്നുകളിൽ ആയിരക്കണക്കിന് അപകടകരമായ പ്ലാസ്റ്റിക് കണികകൾ അടങ്ങിയിരിക്കാമെന്ന് പഠനം. എൻവയോൺമെന്റ് & ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. പ്ലാസ്റ്റിക് IV ബാഗുകൾ വഴി നൽകുന്ന ദ്രാവകങ്ങളിലും പോഷകങ്ങളിലൂടെയും നാമറിയാതെ തന്നെ ശരീരത്തിലേക്ക് മൈക്രോപ്ലാസ്റ്റിക് എത്തിക്കുമെന്ന് ഗവേഷകർ പറയുന്നു.
മൈക്രോപ്ലാസ്റ്റിക്സ് ശ്വസനത്തിലൂടെയും കുടിക്കുന്ന പാനീയങ്ങളിലൂടെയും ശരീരത്തിലെത്താമെങ്കിലും ഐവി ഡ്രിപ്പിലൂടെ ഇത് നേരിട്ട് രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കും. പഠനത്തിനായി, 8.4oz (238 ഗ്രാം) ബാഗുകളുടെ IV സലൈൻ ലായനിയുടെ രണ്ട് വ്യത്യസ്തവും എന്നാൽ പൊതുവായതുമായ ബ്രാൻഡുകൾ ശാസ്ത്രജ്ഞർ വിശകലനം ചെയ്തു. ഈ ദ്രാവകം ഫിൽറ്റർ ചെയ്താണ് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്.
ഓരോ ബാഗിലും 7,500 മൈക്രോ പ്ലാസ്റ്റിക് കണികകൾ കണ്ടെത്തി. സാധാരണയായി നിർജലീകരണം സംഭവിക്കുന്ന രോഗികൾക്ക് നൽകിവരുന്ന ഒരു ഡ്രിപ്പ് ബാഗിൽ ഇത് 25,000 കണികകൾ വരെ ആയേക്കാം. അതേസമയം ഉദര ശാസ്ത്രക്രിയക്കടക്കം ഒന്നിലധികം ഐവി ബാഗ് ഡ്രിപ്പുകൾ ആവശ്യമായി വരുന്നുണ്ട്. ഇത് 52,000 മൈക്രോപ്ലാസ്റ്റിക് കണികകൾ രോഗിയുടെ ശരീരത്തിലെത്താൻ ഇടയാക്കുമെന്ന് ഗവേഷകർ പറയുന്നു. മൈക്രോപ്ലാസ്റ്റിക് പോലുള്ള ലയിക്കാത്ത കണികകൾ രോഗികളുടെ രക്തപ്രവാഹത്തിൽ പ്രവേശിക്കുന്നത് തടയാൻ, IV ഡ്രിപ്പുകളുടെ ഉത്പാദന സമയത്ത് കർശനമായ ഗുണനിലവാര നിയന്ത്രണ നടപടികൾ ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ നിർദ്ദേശിച്ചു.