ന്യൂഡൽഹി: ബഹിരാകാശ ദൗത്യത്തിനു ശേഷം ഭൂമിയിലേക്ക് മടങ്ങുന്ന സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശുഭയാത്ര നേർന്ന് കൊണ്ട് അയച്ച കത്തിലാണ് കുടുംബസമേതം ഇന്ത്യയിലേക്ക് വരണമെന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്.
രാജ്യത്തിന് അഭിമാന നിമിഷമാണിത്. നിങ്ങളുടെ ധൈര്യവും സ്ഥിരോത്സാഹവും പ്രകടമാക്കുന്നതാണ് സമീപകാല സംഭവവികാസങ്ങൾ. ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും, നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളോട് വളരെ അടുത്തു നിൽക്കുന്നു. അമ്മ ബോണി പാണ്ഡ്യ നിങ്ങളുടെ തിരിച്ചുവരവിനായി “ആകാംക്ഷയോടെ” കാത്തിരിക്കുന്നുണ്ടാകും. ഒപ്പം പരേതനായ പിതാവ് ദീപക്ഭായിയുടെ അനുഗ്രഹം നിങ്ങളോടൊപ്പമുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, 2016-ൽ യുഎസ് സന്ദർശന വേളയിൽ ഇുവരേയും കണ്ടുമുട്ടിയ കാര്യവും പ്രധാനമന്ത്രി അനുസ്മരിച്ചു.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ക്രൂ 9 സംഘത്തിന്റെ മടക്കയാത്ര പുരോഗമിക്കുകയാണ്. സുനിത വില്യംസ് അടക്കം നാലംഗ സംഘം സ്പേസ് എക്സിന്‍റെ ഡ്രാഗൺ ഫ്രീഡം പേടകത്തിലാണ് ഭൂമിയിലേക്ക് മടങ്ങുന്നത്. ബുധനാഴ്ച (നാളെ) പുലർച്ചെ മുന്നരയോടെ പേടകം ഭൂമിയിലെത്തും.















