തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ അളവ് ഏറ്റവും കൂടുതൽ കൊല്ലം ജില്ലയിൽ. ദുരന്ത നിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലും പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലുമാണ്. മൂന്ന് പ്രദേശങ്ങളിലും അൾട്രാവയലറ്റ് രശ്മികളുടെ തോത് പത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അൾട്രാവയലറ്റ് രശ്മികളുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അൾട്രാ വയലറ്റ് സൂചിക 11നു മുകളിലേക്കാണെങ്കിൽ റെഡ് അലർട്ടാണ് നൽകുക. എട്ടു മുതൽ പത്തുവരെ ഓറഞ്ച് അലർട്ടും ആറുമുതൽ ഏഴുവരെയെങ്കിൽ യെല്ലോ അലർട്ടുമാണ് നൽകിയിരിക്കുന്നത്.
കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ഒമ്പത്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ഒമ്പത്), മലപ്പുറം ജില്ലയിലെ പൊന്നാനി (ഒമ്പത്), പാലക്കാട് ജില്ലയിലെ തൃത്താല (എട്ട്) എന്നിങ്ങനെയാണ് ഓറഞ്ച് അലർട്ട് വരുന്ന പ്രദേശങ്ങൾ. എറണാകുളം ജില്ലയിലെ കളമശേരി (ഏഴ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ഏഴ്), തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാല (ആറ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.















