അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ നിന്ന് ഭൂമിയിലെത്തിയ സുനിത വില്യംസിനും സംഘത്തിനും ഇനി ചികിത്സയുടെ നാളുകൾ. സംഘത്തിന് ആഴ്ചകൾ നീളുന്ന ഫിസിക്കൽ തെറാപ്പിയും മെഡിക്കൽ നിരീക്ഷണവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭൂമിയിലെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാനുള്ള ക്രമീകരണങ്ങളാണ് ചികിത്സയുടെ ആദ്യഭാഗമായി നടക്കുന്നത്. പുലർച്ചെ 3.30 ഓടെ എത്തിയ സംഘത്തെ വിദഗ്ധ പരിശോധനയ്‌ക്ക് വിധേയരാക്കിയിട്ടുണ്ട്.
ഭൂമിയിൽ തിരിച്ചെത്തുന്ന ബഹിരാകാശയാത്രികർക്ക് പലപ്പോഴും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കാലതാമസം നേരിടേണ്ടിവരുന്നു. ഭൂമിയിലെ ഏകാന്തതയേക്കാൾ പതിന്മടങ്ങ് ഏകാന്തജീവിതമാണ് ബഹിരാകാശനിലയത്തിലുള്ളത്. അതുകൊണ്ട് തന്നെ ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ സാമൂഹിക ഇടപെടലുകളുമായി പൊരുത്തപ്പെടാൻ ഏറെ പ്രയാസമുണ്ടായിരിക്കും. ഇതിന് സമയം വേണ്ടിവരും. വ്യക്തിജീവിതത്തിലും അവർക്ക് വലിയ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കടുത്ത വിഷാദ അവസ്ഥകൾക്കും ഇത് കാരണമാകുന്നുവെന്നാണ് വിദഗ്ധ ഡോക്ടർമാർ പറയുന്നത്. കുടുംബത്തിൽ നിന്നും വ്യക്തിപരമായ ജീവിത സന്തോഷങ്ങളിൽ നിന്നും ഏറെ നാൾ വേർപിരിയുന്നത് മൂലം
ബഹിരാകാശയാത്രികർക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടാം. ഇത് മാറ്റുന്നതിനായി മനഃശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരം നൽകും. കൂടാതെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുക, വ്യായാമം, യോഗ, വിശ്രമം എന്നിവയും മാനസികസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
അതേസമയം, അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ നിന്ന് സുനിതയും സംഘവും വ്യായാമം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ നാസ പങ്കുവച്ചിട്ടുണ്ട്.